അപേക്ഷകൾ കുറഞ്ഞു: സ്കൂൾ പടിയിറങ്ങി ഷീ പാഡ്

Tuesday 25 November 2025 12:11 AM IST

കൊല്ലം: സംസ്ഥാനത്ത് ആറ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥിനികൾക്ക് ആർത്തവ ശുചിത്വ ബോധവത്കരണം നൽകാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഷീ പാഡ് പദ്ധതിയോട് മുഖം തിരിച്ച് ജില്ലയിലെ സ്കൂളുകൾ. സ്കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് ജില്ലയിൽ നിന്ന് ഈ വർഷം ഒരു അപേക്ഷ മാത്രമാണ് ലഭിച്ചത്.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി പാഡ്, ആർത്തവശുചിത്വ അവബോധം, സാനിട്ടറി പാഡുകൾ സൂക്ഷിക്കാനുള്ള അലമാര, ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന പാഡുകൾ നശിപ്പിക്കാനുള്ള ഇൻസിനറേറ്റർ എന്നിവ നൽകുന്ന പദ്ധതിയാണ് ഷീപാഡ്.

സ്‌കൂൾ തുറക്കുന്നത് മുതൽ വാർഷിക പരീക്ഷ കഴിഞ്ഞ് അടയ്ക്കുന്നത് വരെ പദ്ധതി തടസമില്ലാതെ നടപ്പാക്കണമെന്നാണ് സർക്കാർ നിർദേശം. ഇതിൽ ഇൻസിനറേറ്റർ ഒഴിച്ച് ബാക്കിയെല്ലാം ലഭ്യമാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇൻസിനേറ്റർ സ്ഥാപിക്കാനുള്ള ഫണ്ട്‌ നൽകുന്നത് വനിതാ വികസന കോർപ്പറേഷനാണ്. വനിതാ വികസന കോർപ്പറേഷനും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് 2017 ൽ ആരംഭിച്ച ഷീ പാഡ് പദ്ധതി കൊവിഡ് ഉൾപ്പടെയുള്ള കാരണങ്ങളാൽ നിർജ്ജീവമായതോടെ വീണ്ടും പദ്ധതി സജീവമാക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ സ്കൂൾ മുഖം തിരിക്കുകയാണ്.

ആവശ്യമുള്ള വിദ്യാർത്ഥിനികൾക്ക് അദ്ധ്യാപികമാരാണ് പാഡ് കൈമാറുന്നത്. ഒരു വിദ്യാർത്ഥിനിക്ക് മാസം രണ്ടുപായ്ക്കറ്റ് പാഡ്, ഇരുന്നൂറ് വിദ്യാർത്ഥിനികൾക്ക് ഒരു ഇൻസിനറേറ്റർ എന്ന നിലയിലാണ് വനിതാ വികസന കോർപ്പറേഷൻ സ്‌കൂളുകൾക്ക് നൽകുന്നത്.

മുഖം തിരിച്ച് പി.ടി.എ

 പദ്ധതിയോട് മുഖം തിരിക്കുന്നത് സ്കൂളുകളും പി.ടി.എയും

 ചില തദ്ദേശ സ്ഥാപനങ്ങൾ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് കൈമാറി

 ഇതാടെ സ്കൂളുകൾ മുഖം തിരിച്ചു

 ഇൻസിനേറ്ററുകൾ ഉൾപ്പടെയുള്ളവയുടെ പരിപാലന ചുമതല പി.ടി.എയ്ക്ക്

 ഇതും പിന്തിരിയാൻ മറ്റൊരു കാരണം

 പാഡ് വെൻഡിംഗ് മെഷീനിന് പകരം സ്‌കൂളുകളിലുള്ളത് അലമാര

 ഇൻസിനറേറ്ററും പാഡും സൗജന്യം

പാഡ് വില

₹ 17

ഇൻസിനറേറ്റർ വില

₹ 25168

കഴിഞ്ഞ വർഷം അപേക്ഷകൾ കൂടുതൽ കൊല്ലത്തായിരുന്നു. നിലവിൽ ഒരെണ്ണം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

വനിതാ വികസന കോർപ്പറേഷൻ അധികൃതർ