മാമി തിരോധാനം: അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ച
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാന കേസിൽ ലോക്കൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. നടക്കാവ് പൊലീസ് തെളിവ് ശേഖരണത്തിൽ വീഴ്ച വരുത്തിയെന്നുൾപ്പെടെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി നർക്കോട്ടിക് അസി. കമ്മിഷണർ കെ.എ. ബോസ് തയാറാക്കിയ റിപ്പോർട്ടാണ് ഉത്തരമേഖലാ ഐ.ജി രാജ്പാൽ മീണയ്ക്ക് സമർപ്പിച്ചത്.
നടക്കാവ് പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചവരുത്തിയെന്ന് നിലവിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്,ഐ.ജിയ്ക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് കഴിഞ്ഞ സെപ്തംബറിൽ ഉത്തരവിട്ടത്.
2023 ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ റംലത്ത് പൊലീസിനെ സമീപിച്ചത്. അന്നത്തെ ഇൻസ്‌പെക്ടർ പി.കെ. ജിജീഷ്, എസ്.ഐ. ബിനു മോഹൻ, സീനിയർ സി.പി.ഒ എം.വി. ശ്രീകാന്ത്, കെ.കെ. ബിജു എന്നിവരാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.