വിഴിഞ്ഞം തുരങ്ക റെയിലിന് തടസ്സം ഒഴിവായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5കി.മീറ്റർ തുരങ്ക റെയിൽപ്പാതയ്ക്ക് ഉദ്യോഗസ്ഥരിട്ട മുട്ടാപ്പോക്ക് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതോടെ സർക്കാർ പരിഹരിച്ചു. നിർമ്മാണചുമതലയുള്ള കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ടെൻഡർ രേഖയിലെ ആർബിട്രേഷൻ വ്യവസ്ഥ പറ്റില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. നിർമ്മാണത്തിൽ കാലതാമസം വരുത്തുകയോ പദ്ധതി ഉപേക്ഷിക്കുകയോ നിർമ്മാണച്ചെലവേറുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്. വയനാട് തുരങ്കപ്പാതയിൽ ആർബിട്രേഷൻ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ടെന്ന് ഒക്ടോബർ 11ന് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയതോടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഫയൽ വിളിപ്പിച്ച് തടസം നീക്കുകയായിരുന്നു. തുരങ്കപാതയ്ക്ക് ടെൻഡർ വിളിക്കാൻ അനുമതി നൽകി ഉടൻ ഉത്തരവിറക്കും.
റെയിൽപ്പാതയുടെ പദ്ധതിരേഖ എട്ടുമാസംമുൻപ് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ആറു മാസം മുമ്പ് ടെൻഡർ രേഖകളും തയ്യാറായി. പക്ഷേ, ആർബിട്രേഷൻ വ്യവസ്ഥ സർക്കാരിന് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ഐ.എ.എസുകാരടക്കം എതിർത്തു. കേന്ദ്ര ടെൻഡറുകളിലെല്ലാം ഈ വ്യവസ്ഥയുള്ളതിനാൽ ആർബിട്രേഷനില്ലാതെ കരാർ പറ്റില്ലെന്ന് കൊങ്കൺ റെയിലും നിലപാടെടുത്തു. അതോടെ തുടർ നടപടികൾ നിലച്ചു.
ടെൻഡർ വൈകുന്തോറും പദ്ധതിച്ചെലവുയരുമെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തു. തുരങ്കപ്പാതയ്ക്ക് ആദ്യം കണക്കാക്കിയിരുന്നത് 1482.92കോടിയായിരുന്നു. ഇപ്പോഴിത് 1600കോടിയിലേറെയായി. നാലുവർഷംകൊണ്ട് തുരങ്കപാത പൂർത്തിയായാൽപോലും ചെലവ് രണ്ടായിരംകോടിയാവും.
ചെലവുയരുമെന്ന് ബോധ്യമായതോടെ, വയനാട്ടിൽ 2134.5കോടി നിർമ്മാണച്ചെലവുള്ള 8.735കി.മി തുരങ്കപ്പാതയ്ക്കായി അംഗീകരിച്ച അതേ വ്യവസ്ഥകൾ വിഴിഞ്ഞത്തും ബാധകമാക്കാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. തുറമുഖത്തേക്ക് റെയിൽ കണക്ടിവിറ്റിക്ക് പണംചെലവിടേണ്ടത് സംസ്ഥാനമാണ്. നബാർഡ് വായ്പയിൽ നിന്നാണ് പണം വിനിയോഗിക്കുന്നത്.
45 മാസംകൊണ്ട്
പൂർത്തിയാക്കാം
ഡിസംബറിൽ കരാറൊപ്പിട്ടാൽ മാർച്ചിൽ നിർമ്മാണംതുടങ്ങാം. 45 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കും.രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണലായിരിക്കും വിഴിഞ്ഞത്ത് വരുന്നത്.
തുരങ്കപാതയ്ക്ക് ഒരാഴ്ചയ്ക്കകം കരാർവിളിക്കാം. ഒറ്റഘട്ടമായി നിർമ്മാണത്തിനുള്ള ഇ.പി.സി (എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറായിരിക്കും. എൻജിനിയറിംഗ് ഡിസൈൻ തയ്യാറാക്കുന്നതും കരാർ കമ്പനിയാണ്.
10.7കി.മീ
പാതയുടെ
ആകെ ദൈർഘ്യം
190കോടി:
ഭൂമിയേറ്റെടുപ്പിന്
മുടക്കേണ്ടത്
30മീറ്റർ:
വിഴിഞ്ഞം-ബാലരാമപുരം റോഡിന്റെ ഭൂനിരപ്പിൽ നിന്ന് 25-30മീറ്റർ ആഴത്തിലാണ് ഭൂർഗഭ റെയിൽ