ഭാര്യയെ ഗ്യാസ് സിലിണ്ടറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: വാക്കുതർക്കത്തിനിടെ പാചകവാതക സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തി. കരിക്കോട് ചേരിയിൽ അപ്പോളോ നഗറിൽ ഇടതിങ്ങൽ വീട്ടിൽ കവിതയാണ് (46) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മധുസൂദനൻ പിള്ളയെ (54) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ അടുക്കള ഭാഗത്തിരുന്ന ഒഴിഞ്ഞ പാചക വാതക സിലിണ്ടറെടുത്ത് കവിതയുടെ തലയിൽ അടിക്കുകയായിരുന്നു. കവിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൾ ജാനി അമ്മ രക്തത്തിൽക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ജാനിയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ അടുക്കളയിൽ രക്തവാർന്ന് മരിച്ചുകിടക്കുകയായിരുന്നു കവിത. സംഭവ ശേഷം ഹാളിൽ തന്നെ ഇരുന്ന മധുസൂദനൻ പിള്ളയെ കിളികൊല്ലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
കവിതയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കശുഅണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻപിള്ള. കവിതയും മധുസൂദൻപിള്ളയും തമ്മിൽ കാര്യമായ പ്രശ്നങ്ങളുള്ളതായി അറിവില്ലെന്ന് അയൽവാസികൾ പറഞ്ഞു. മധുസൂദനൻപിള്ളയെ റിമാൻഡ് ചെയ്തു. മകൻ ജ്യോതിഷ് വിദേശത്താണ്. മകൾ ജാനി ബി.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.