നാമനിർദ്ദേശപത്രിക തർക്കം: ഹർജികൾ തള്ളി
കൊച്ചി: നാമനിർദ്ദേശപത്രിക അസാധുവാക്കിയതും സ്വീകരിച്ചതും ചോദ്യംചെയ്ത് ഫയൽചെയ്ത ഒരു ഡസനോളം ഹർജികൾ ഹൈക്കോടതി തള്ളി. പത്രികതള്ളിയതും സ്വീകരിച്ചതും ചോദ്യംചെയ്യുന്നതിൽ ഭരണഘടനാപരമായ വിലക്കുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ ഇതിനെ ചോദ്യംചെയ്യാനാകൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ ദീപുലാൽ മോഹൻ വിശദീകരിച്ചു.
തൃക്കാക്കര മുനിസിപ്പാലിറ്റി, ചാവക്കാട്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ ഹർജി ഫയൽചെയ്തത്. ഇലഞ്ഞി പഞ്ചായത്തിൽ നിന്നാണ് പത്രിക സ്വീകരിച്ചത് ചോദ്യംചെയ്ത് എതിർ കക്ഷികളെത്തിയത്. ഇവയെല്ലാം കോടതി തള്ളി. എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ഫയൽചെയ്ത ഹർജി ഇന്ന് പരിഗണനയ്ക്ക് വരും.