ജീവനൊടുക്കുമെന്ന് ശബ്ദസന്ദേശം ബി.എൽ.ഒയെ അനുനയിപ്പിച്ച് കളക്ടർ

Tuesday 25 November 2025 3:24 AM IST

മുണ്ടക്കയം:എസ്‌.ഐ.ആർ ജോലി സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കുമെന്ന ഭീഷണിയുമായി ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശം അയച്ച ബി.എൽ.ഒയെ കളക്ടർ ഇടപെട്ട് അനുനയിപ്പിച്ചു.

പൂഞ്ഞാർ മണ്ഡലത്തിലെ 110 ബൂത്തിലെ ബി.എൽ.ഒ മുണ്ടക്കയം സ്വദേശി ആന്റണിയാണ് ജോലിയുമായി ബന്ധപ്പെട്ട് വലിയസമ്മർദ്ദത്തിലാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചാണ് പണി ചെയ്യിപ്പിക്കുന്നതെന്നും ശബ്ദ സന്ദേശം അയച്ചത്.

ഈ ജോലിയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ വിഷം കഴിച്ച് ആ‌ത്മഹത്യചെയ്യുമെന്നും മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനും എസ്.ഐ.ആറും ആയിരിക്കുമെന്നും ആന്റണി ശബ്‌ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.

ഇത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നിർദ്ദേശത്തിൽ അസിസ്റ്റന്റ് തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ ആന്റണിയുടെ വീട്ടിലെത്തി സംസാരിച്ചാണ് അനുനയിപ്പിച്ചത്.ശേഷം ആന്റണി ജോലി തുടർന്നു.ആന്റണി കളക്ടറുമായി വീഡിയോ കോളിലും സംസാരിച്ചിരുന്നു.ഇടുക്കിയിൽ പോളി ടെക്‌നിക്ക് ജീവനക്കാരനാണ് ആന്റണി.