പാൽ സംഭരണത്തിൽ മിൽമയ്ക്ക് റെക്കാഡ് നേട്ടം

Tuesday 25 November 2025 3:25 AM IST

കോഴിക്കോട്: പാൽ സംഭരണത്തിൽ മിൽമ റെക്കാഡ് നേട്ടം കൈവരിച്ചതായി ചെയർമാൻ കെ.എസ്. മണി. 14 ശതമാനമാണ് വർദ്ധന. കൊവിഡിനുശേഷം സംഭരണം കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ആറുമാസമായി തുടർച്ചയായ വർദ്ധനയുണ്ടായി.

എറണാകുളം യൂണിയനിൽ 20 ശതമാനം, തിരുവനന്തപുരം 18, മലബാർ 11.5 ശതമാനമാണ് ശരാശരി വർദ്ധന. 255 കോടിയാണ് കർഷകർക്ക് അധിക പാൽ വിലയായും സബ്സിഡി ഇനത്തിലുമൊക്കെയായി മിൽമ നൽകിയത്. ഇത് കൂടുതൽ ക്ഷീരകർഷകരെ സഹകരണ സംഘങ്ങളിലേക്ക് ആകർഷിക്കാൻ ഇടയാക്കി.

കാലാവസ്ഥ വ്യതിയാനവും പാൽ സംഭരണത്തിലുണ്ടായ വർദ്ധനവിന് സഹായിച്ചു. ഫാമുകളുടെ വർദ്ധനവും കാരണമായി. അതേസമയം, കേരളത്തിൽ കാലികളുടെ എണ്ണത്തിൽ 32 ശതമാനം കുറവുണ്ടായെന്നാണ് ക്ഷീര വികസന വകുപ്പിന്റെ കണക്കുകൾ പറയുന്നത്.

പാൽവില വർദ്ധന

തദ്ദേശ ഇലക്ഷനു ശേഷം?

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുശേഷം പാൽ വില കൂട്ടുമെന്ന സൂചന നൽകി മിൽമ ചെയർമാൻ കെ.എസ്. മണി. പാൽവില വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വില വർദ്ധിപ്പിക്കണമെന്ന് ക്ഷീരകർഷകരും ആവശ്യമുന്നയിക്കുന്നുണ്ട്. മിൽമ ബോർഡ് മീറ്റിംഗ് വിളിച്ചുചേർത്ത് ചർച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കാനാവൂ. സർക്കാരുമായും കൂടിയാലോചിക്കുമെന്നും

അദ്ദേഹം പറഞ്ഞു. ലിറ്ററിന് 3-4 രൂപാവരെ കൂട്ടാനാണ് സാദ്ധ്യത.