വിയ്യൂർ ജയിലിൽ മർദ്ദനമേറ്റ മനോജിനെ തവനൂരിലേക്ക് മാറ്റണം

Tuesday 25 November 2025 3:28 AM IST

കൊച്ചി: വിയ്യൂർ അതിസുരക്ഷാ ജയിലിൽ മാവോയിസ്റ്റ് മനോജിന് മർദ്ദനമേറ്റ സംഭവത്തിൽ എൻ.ഐ.എ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. മർദ്ദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്ന് വ്യക്തമായതായും കോടതി പറഞ്ഞു. മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാനും കോടതി നിർദ്ദേശിച്ചു. കണ്ണിനടക്കം പരിക്കുള്ളപ്പോൾ അനുവാദമില്ലാതെ ദൂരയാത്രചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റിയത് അംഗീകരിക്കാനാവില്ല. തടവുകാരന് എന്തെങ്കിലും പറ്റിയാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. മർദ്ദനം നടക്കുമ്പോൾ ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി സൂചിപ്പിച്ചു. കോടതി നിർദ്ദേശപ്രകാരം മനോജിനെ ഇന്നലെ നേരിട്ട് ഹാജരാക്കിയിരുന്നു. വിയ്യൂർ ജയിൽ സൂപ്രണ്ടും ഹാജരായി. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നലെത്തന്നെ വൈദ്യപരിശോധന നടത്താനും ചികിത്സാരേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.