നാവികസേനാ ദിനാഘോഷം മൂന്നിന് ദ്രൗപതി മുർമു മുഖ്യാതിഥി
തിരുവനന്തപുരം: ഇക്കൊല്ലത്തെ നാവികസേനാ ദിനാഘോഷം ഡിസംബർ മൂന്നിന് ശംഖുംമുഖത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് മുഖ്യാതിഥി. വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത്, പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങളെന്നിവയും പങ്കെടുക്കും. ആഘോഷത്തിനായി 700പേർക്കിരിക്കാവുന്ന വി.ഐ.പി ഗ്യാലറിയും പതിനായിരം പേർക്ക് ഇരിപ്പിട സൗകര്യവും സജ്ജമാക്കുന്നുണ്ട്. രണ്ടുലക്ഷം പേർക്ക് സേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാം. വിദേശ രാജ്യങ്ങളുടെ ഡിഫൻസ് അറ്റാഷെമാരും ഇവിടെത്തും.
1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ കറാച്ചി ആക്രമിച്ച് വിജയിച്ചതിന്റെ അനുസ്മരണമായാണ് എല്ലാ വർഷവും ഡിസംബർ നാലിന് 'നാവികസേനാ ദിനം' ആഘോഷിക്കുന്നത്. ഇന്ത്യാ- റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ നാലിന് ഡൽഹിയിലെത്തുന്നതിനാലാണ് ദിനാഘോഷം ഒരുദിവസം നേരത്തേയാക്കിയത്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നുമെന്നും സൂചനയുണ്ട്.
ദിനാഘോഷത്തിന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കും. ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സന്നാഹങ്ങളുമായാണ് നാവികസേന തലസ്ഥാനത്ത് എത്തുന്നത്. 26ന് വൈകിട്ട് 5.30ന് നിശാഗന്ധിയിൽ ദക്ഷിണ നാവിക കമാൻഡ് ബാൻഡിന്റെ സംഗീതപരിപാടിയുമുണ്ട്.
ഡിസംബർ ഒന്നുമുതൽ തലസ്ഥാനത്ത് കപ്പലുകളെത്തും. ശംഖുംമുഖത്തെ 370മീറ്റർ തീരം സേനയ്ക്കായി 14 കോടി ചെലവിട്ട് കൃത്രിമമായി നിർമ്മിച്ചിട്ടുണ്ട്. കടലിലെയും ആകാശത്തെയും അഭ്യാസപ്രകടനങ്ങൾ ഇവിടത്തെ പവിലയനുകളിലിരുന്നാവും വി.ഐ.പികളടക്കം കാണുക. മണൽ നീക്കി കൂറ്റൻ കല്ലുകൾ പാകി അതിനു മുകളിൽ കോൺക്രീറ്ര് ചെയ്ത ശേഷം മണൽ നിരത്തിയാണ് കൃത്രിമതീരം നിർമ്മിച്ചത്. സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന ആഘോഷം 2022മുതലാണ് മറ്റിടങ്ങളിലേക്കു മാറ്റിയത്. വിശാഖപട്ടണം, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് , ഒഡീഷയിലെ പുരി എന്നിവിടങ്ങളിലായിരുന്നു മുൻ വർഷങ്ങളിലെ ദിനാഘോഷം.