കിലോയ്ക്ക് മുന്നൂറു രൂപ വരെ , ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്, പക്ഷേ ഇപ്പോൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതി
കാളികാവ്: റബർകുരു ക്ഷാമം കാരണം റബർ നഴ്സറികൾ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ഏറ്റവും മികച്ചയിനം റബർ കുരു ലഭിച്ചിരുന്ന കിഴക്കൻ മേഖലയിൽ കഴിഞ്ഞ സീസണിൽ ഒരു ടൺ പോലും ശേഖരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം.
കഴിഞ്ഞ സീസണിലുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് കുരു ഉത്പാദനത്തെ ബാധിച്ചത്. ഓരോ സീസണിലും 200-300 ടൺ റബർ കുരു ശേഖരിക്കുന്ന മേഖലയാണിത്. 2024ൽ ശേഖരിച്ച കുരുവാണ് ഇപ്പോൾ നഴ്സറികൾ ഉപയോഗിക്കുന്നത്. ഇതു തീർന്നാൽ അടുത്ത നടീൽ സീസണിലേക്ക് തൈകൾ ലഭിക്കില്ല. ഇത് നഴ്സറികൾക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കും.
കഴിഞ്ഞ വർഷം വരെ 300 ടണ്ണോളംകുരു കയറ്റി അയച്ചിരുന്ന മേഖലയിലേക്ക് കിലോയ്ക്ക് 300 രൂപയോളം വില വരുന്ന റബർ കുരു അസം , കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഇറക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. വൻകിട നഴ്സറികൾഇതര സംസ്ഥാനങ്ങളിൽ നിന്ന് നേരത്തെ ഇറക്കുമതി ചെയ്തിട്ടുണ്ട്.നടീൽ സീസണിലേക്ക് വേണ്ട കുരു കിഴക്കൻ മേഖലയിൽ കിട്ടാതെ വന്നതോടെയാണ് അസമിനെ ആശ്രയിക്കേണ്ടി വന്നത്.
തൈകൾക്ക് ചെലവേറും
- കുരു ഇറക്കേണ്ടി വരുതിനാൽ വലിയ ചെലവാണ് നഴ്സറികൾക്ക് വരിക. ഇതുകാരണം അടുത്ത സീസണിൽ റബർ തൈകളുടെ വില കുത്തനെ ഉയരും .
- തമിഴ്നാട്ടിലെ മാർത്താണ്ഡം, കർണാടക, ബെൽത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നാണ് ഏറെയും കുരു ഇറക്കുന്നത്.
- അതേ സമയം, കിഴക്കൻ മേഖലയിലെ കുരുവിന്റെ അതിജീവനശേഷിവളരെ കൂടുതലാണ്. ബലമുള്ള തൈകളും കൂടുതൽ ഉത്പാദനവും ഇതിന് ലഭിക്കും.
- പുറത്തുനിന്നുള്ള കുരുവിന് അത്ര അതിജീവനശേഷി ഇല്ലെന്നാണ് നഴ്സറികൾ പറയുന്നത്.
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബർ വ്യാപനത്തിനുള്ള തൈകൾ നൽകുന്നത് കേരളത്തിലെ നഴ്സറികളാണ്. അതിനാൽ തൈ നിർമ്മാണം മുടങ്ങാതെ നോക്കേണ്ടതുണ്ട്.