രണ്ടുവർഷം കൊണ്ട് തട്ടിയത് 66 ലക്ഷം രൂപ; ദിയയുടെ പണം ഉപയോഗിച്ച് ജീവനക്കാർ ആഡംബര ജീവിതം നയിച്ചു

Tuesday 25 November 2025 10:41 AM IST

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്ന് ജീവനക്കാർ 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ക്രെെംബ്രാഞ്ച്. മൂന്ന് ജീവനക്കാരികളും ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയതെന്നാണ് ക്രെെംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മൂന്ന് ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ. വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരെയാണ് പ്രതി ചേർത്തത്.

തട്ടിയെടുത്ത പണം ഇവർ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, മോഷണം, കെെവശപ്പെടുത്തൽ, ചതി എന്നിവയാണ് ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം കൊണ്ടാണ് പ്രതികൾ 66 ലക്ഷം രൂപയോളം തട്ടിയെടുത്തത്. ഓ ബെെ ഓസി എന്ന ബൊട്ടീക്കിലെ മുൻ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തന്നെയാണ് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദിയയ്ക്കും കൃഷ്ണകുമാറിനുമെതിരെ പ്രതികൾ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി, പണം കവർന്നു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവ ആരോപിച്ചായിരുന്നു പരാതി. എന്നാൽ ജീവനക്കാരികൾ നൽകിയ പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് പറയുന്നു.