ജോലിക്കിടെ ബിഎൽഒയുടെ അശ്ലീല പ്രദർശനം; നടപടിയെടുത്ത് ജില്ലാ കളക്‌ടർ, വിശദീകരണം തേടും
മലപ്പുറം: ജോലി ചെയ്യുന്നതിനിടെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയ ബിഎൽഒ വാസുദേവനെതിരെ നടപടി. ഇയാളെ ചുമതലയിൽ നിന്ന് മാറ്റാൻ ജില്ലാ കളക്‌ടർ ഉത്തരവിട്ടു. വാസുദേവനോട് സംഭവത്തിൽ വിശദീകരണവും തേടി. വിശദീകരണം ലഭിച്ചശേഷം തുടർനടപടികളുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച മലപ്പുറം തിരൂരിൽ എന്യൂമറേഷൻ ഫോം കളക്ഷൻ ക്യാമ്പിനിടെയാണ് പ്രകോപിതനായ വാസുദേവൻ അശ്ലീല പ്രദർശനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ എന്യൂമറേഷൻ ഫോം നൽകാനായി മുന്നിൽ നിന്നപ്പോഴാണ് വാസുദേവൻ ഉടുമുണ്ടുപൊക്കി അശ്ലീല പ്രദർശനം നടത്തിയത്. ഇതിന്റെ വീഡിയോ പകർത്തിയയാളോട് വാസുദേവൻ ഉറക്കെ സംസാരിക്കുന്നതും കാണാം.
തന്നോട് അഭിപ്രായ വ്യത്യാസമുള്ള ബന്ധു സ്ഥലത്തെത്തി പ്രകോപനപരമായി സംസാരിച്ചപ്പോൾ ചെയ്‌തുപോയതാണെന്നാണ് വാസുദേവൻ പ്രതികരിച്ചത്. ജോലിസമ്മർദവും ആരോഗ്യ പ്രശ്‌നങ്ങളും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോം വീടുകളിൽ പോയി കൊടുക്കുന്നതിന് പകരം ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് വീഡിയോ ചിത്രീകരിച്ച ബന്ധു വാസുദേവനോട് പറഞ്ഞത്. ഇതാണ് പ്രകോപനത്തിന് കാരണമായത്.