നടൻ ദിലീപ്‌ പ്രതിയായ നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബർ എട്ടിന്‌

Tuesday 25 November 2025 12:37 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാംപ്രതിയാണ്.

12 പ്രതികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേസിൽ അന്തിമവാദം പൂർത്തിയാക്കിയിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചിരുന്നില്ല.

കേസിന്റെ നാൾവഴി

2017 ജൂലായ്- ദിലീപ് അറസ്റ്റിലായിരുന്നു. കുറച്ച് നാൾ റിമാൻഡിൽ കഴിഞ്ഞ നടന് പിന്നീട് ജാമ്യം ലഭിച്ചു.

2017 നവംബർ -കുറ്റപത്രം സമർപ്പിച്ചു.

2018 മാർച്ച് എട്ട് - വിചാരണ നടപടികൾ ആരംഭിച്ചു.

2019 നവംബർ 29 - വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു

2024 സെപ്തംബർ 17- പൾസർ സുനിക്ക് ജാമ്യം ലഭിച്ചു.

2024 ഡിസംബർ 11- കേസിൽ അന്തിമവാദം ആരംഭിച്ചു.

2025 ഏപ്രിൽ ഒമ്പത് - പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി.