അന്യഗ്രഹ ജീവികളുണ്ടോ? ഉത്തരം കണ്ടെത്താൻ കൈകോർത്ത് ഇന്ത്യയും ജപ്പാനും
ന്യൂഡൽഹി: പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ ഏറ്റവും വലിയ ചോദ്യത്തിന് ഉത്തരം തേടാൻ ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ഇതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര ഉപകരണങ്ങളിലൊന്നായ 'തേർട്ടി മീറ്റർ ടെലിസ്കോപ്പ്' (ടിഎംടി) നിർമ്മാണത്തിലാണ് ഇരു രാജ്യങ്ങളും പങ്കുചേരുന്നത്.
30 മീറ്റർ വ്യാസമുള്ള ഈ ഭീമൻ ടെലിസ്കോപ്പിന്റെ സഹായത്തോടെ ബ്ലാക്ക് ഹോളുകൾ, ഭൂമിക്ക് സമാനമായ ഗ്രഹങ്ങൾ, ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നെല്ലാമുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടാനുള്ള നിർണ്ണായക ദൗത്യത്തിലാണ് ഗവേഷകർ. അമേരിക്കയിലെ പ്രമുഖ സർവകലാശാലകളും ഈ അന്താരാഷ്ട്ര കൂട്ടായ്മയിൽ പങ്കുചേർന്നിട്ടുണ്ട്. ഇന്ത്യയുടെ സാങ്കേതിക പങ്കാളിത്തവും ടിഎംടി ടെലിസ്കോപ്പിന് വളരെ പ്രധാനമാണ്.
ഭീമാകാരമായ ടെലിസ്കോപ്പിന്റെ പ്രധാനപ്പെട്ട ഭാഗം 500 ചെറിയ കണ്ണാടികൾ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. 500 കണ്ണാടികളെയും ഒട്ടും പിഴവ് കൂടാതെ കൃത്യമായ സ്ഥാനത്തും കോണിലും വയ്ക്കേണ്ടതുണ്ട്.
2014ൽ തന്നെ ജപ്പാൻ കേന്ദ്ര കാബിനറ്റ് ഇവ സ്ഥാപിക്കാനുള്ള അംഗീകാരം നൽകിയിട്ടുണ്ട്. ഹവായിലെ മൗന കിയ പർവതമാണ് ടെലിസ്കോപ്പ് സ്ഥാപിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന പ്രധാന സ്ഥലം. എന്നാൽ പ്രദേശത്തെ നാട്ടുകാരുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്. പകരം മറ്റൊരു സ്ഥലമായി ലഡാക്കിലെ ഹാൻലെയും പരിഗണനയിലുണ്ട്.
നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള എക്സോപ്ലാനറ്റുകളിൽ ജലബാഷ്പം, ഓർഗാനിക് തന്മാത്രകൾ പോലുള്ള ജീവന്റെ കണികകൾ ഈ ടെലിസ്കോപ്പിലൂടെ വിശകലനം ചെയ്യാൻ കഴിയും. 2030കളുടെ മദ്ധ്യത്തോടെ ടെലിസ്കോപ്പ് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐഐഎ), പൂനെയിലെ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ), നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒബ്സർവേഷണൽ സയൻസസ് (ഏരീസ്) എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയിൽ പങ്കുച്ചേരുന്നത്.