മലയാളി വിദ്യാർത്ഥിക്ക് നേരെ ബസിൽ അതിക്രമം; കണ്ടക്ടർ മോശമായി പെരുമാറിയ ശേഷം ഇറക്കിവിട്ടു

Tuesday 25 November 2025 3:31 PM IST

കാസർകോട്: ബസിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ കർണാടക ആർടിസി കണ്ടക്ടറുടെ അതിക്രമം. കണ്ടക്ടർ മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അസഭ്യം പറയുകയും ബസിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാസർകോടിനടുത്താണ് സംഭവം.

കണ്ടക്ടർക്കൊപ്പം ഡ്രൈവറും കൂടി ചേർന്നാണ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. തുടർന്ന്, ബസ് സ്റ്റോപ്പ് പോലുമില്ലാത്ത സ്ഥലത്ത് ഇരുവരും ചേർന്ന് പെൺകുട്ടിയെ ഇറക്കി വിടുകയായിരുന്നു. സംഭവ സമയത്ത് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരാരും ഇടപെടാൻ തയ്യാറായില്ലെന്നാണ് വിവരം.

കർണാടക ആർടിസി ബസിൽ സ്ഥിരമായി പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനിയാണ് ദുരനുഭവത്തിന് ഇരയായത്. മുൻപും ഈ കണ്ടക്ടർ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനി പോലീസിൽ നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.