ക്ഷേത്ര വളപ്പിലെ വേറിട്ട കച്ചവടം; മറ്റ് ജില്ലകളിൽ നിന്നുപോലും ആവശ്യക്കാരെത്തുന്നു, കിലോയ്ക്ക് 700 രൂപവരെ
തെള്ളിയൂർക്കാവ് : ദേവി ക്ഷേത്ര വളപ്പിലെ വൃശ്ചിക വാണിഭം ഒരാഴ്ച പിന്നിടുമ്പോൾ മേളയിലെ ശ്രദ്ധേയ ഇനമായ ഉണക്ക പാൽ സ്രാവിന് റെക്കാഡ് വില്പന. കിലോഗ്രാമിന് 400 രൂപ മുതൽ 700 രൂപ വരെ വിലവരുന്ന സ്രാവ് വാങ്ങാൻ അന്യ ജില്ലകളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നു.
വിദേശത്തേക്ക് ബന്ധുക്കളായ പ്രവാസികൾക്ക് അയച്ചു കൊടുക്കാനും സ്രാവ് വാങ്ങുന്നവർ നിരവധി പേരുണ്ട്. ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഹൈന്ദവ സമൂഹത്തിലെ അരയ സമൂഹം എല്ലാ വർഷവും വൃശ്ചികം ഒന്നിന് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര ആൽ ചുവടിനുസമീപം പാൽ സ്രാവ് കാണിക്കയായി എത്തിച്ചിരുന്നു. ഇത്തരം സാധനങ്ങൾ ഭക്തർ ലേലം ചെയ്തു വാങ്ങിയാണ് വൃശ്ചിക വാണിഭം രൂപ പെട്ടത്. ഇന്നും ഈ ആചാരങ്ങൾ തുടരുന്നതിനാലാണ് ക്ഷേത്ര വളപ്പിലെ വേറിട്ട പാൽ സ്രാവ് കച്ചവടം. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന മേള ഡിസംബർ ഒന്നിന് സമാപിക്കും. 30ന് ചേരുന്ന സമാപന സമ്മേളനത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, തിരുവിതാം കൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പി.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും.