കോഴിയിറച്ചി കഴുകുന്നത് കക്കൂസില്‍ വെച്ച്; കേരളത്തില്‍ ഭായിമാരുടെ ഹോട്ടലില്‍ കണ്ടത്
പന്തളം: ഹോട്ടലില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇഷ്ടഭക്ഷണം പണം നല്‍കി വാങ്ങിക്കഴിക്കുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ പക്ഷേ നിരവധി ഹോട്ടല്‍ ഉടമകള്‍ വിട്ടുവീഴ്ച വരുത്തുന്നുണ്ട്. പലപ്പോഴും മനുഷ്യജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാഹചര്യവും ഇത്തരം ഹോട്ടലുകളില്‍ ഭക്ഷണം സൂക്ഷിക്കുകയും പാകം ചെയ്യുകയും ചെയ്യുന്ന രീതി കാരണം ഉണ്ടാകാറുണ്ട്.
പത്തനംതിട്ട പന്തളത്ത് നിന്ന് പുറത്തുവരുന്നത് മോശം ചുറ്റുപാടില്‍ ഭക്ഷണം പാകം ചെയ്യുകയും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് വിളമ്പുകയും ചെയ്യുന്നതിന്റെ കഥയാണ്. പന്തളം, കടയ്ക്കാട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവിടെ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതിനായി കഴുകിയെടുക്കുന്നതും.
ടോയ്‌ലെറ്റിന് ഉള്ളില്‍ പോലും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതാണ് കടയ്ക്കാട്ടെ ഭായിമാര്‍ നടത്തുന്ന ഹോട്ടലില്‍ കണ്ട കാഴ്ച. പാകം ചെയ്യുന്നതിന് മുന്നോടിയായി കോഴിയിറച്ചി കഴുകി വൃത്തിയാക്കുന്നതാകട്ടെ ടോയ്‌ലെറ്റിലെ ക്ലോസറ്റിന് മുകളില്‍ വെച്ചും. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചാല്‍ മാരകരോഗങ്ങളും ഭക്ഷ്യവിഷബാധയും ഉറപ്പാണെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ക്ക് താഴെയുള്ള കമന്റുകള്‍.
കൂണ് പോലെ ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന അധികൃതര്‍ ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ശുചിത്വം എന്നിവകൂടി കര്‍ശനമായി പരിശോധിക്കണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.