അപ്രസക്തമായി,  അധികകാലം   മുന്നോട്ടു പോകാനാവില്ല

Wednesday 26 November 2025 1:33 AM IST

എന്തെല്ലാം ദൗർബല്യമുണ്ടെങ്കിലും കെട്ടുറപ്പുള്ള ജനാധിപത്യസംവിധാനം രാജ്യത്ത് നിലവിലുണ്ട്--സായുധ പോരാട്ടം അവസാനിപ്പിക്കുകയാണെന്നറിയിച്ച് സി.പി.ഐ മാവോയിസ്റ്റ് വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്,ഛത്തീസ്ഗഢ് സർക്കാരുകൾക്കും കത്തെഴുതിയ പശ്ചാത്തലത്തിൽ ചിന്തകനും മുൻ നക്‌സലൈറ്റ് നേതാവുമായ കെ.വേണുവിന്റെ വിശകലനം.

രാജ്യത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അധികകാലം മുന്നോട്ടു പോകാനാവില്ല. അത് വ്യക്തമാണ്. കാരണം അതിന്റെ പ്രയോഗത്തിന് പ്രസക്തിയില്ലാതായി. കുറച്ചുകാലമായി മാവോയിസ്റ്റുകളുടെ കീഴടങ്ങൽ നടക്കുന്നുണ്ട്. അവർക്ക് നേരെയുള്ള അടിച്ചമർത്തൽ വ്യാപകമാവുകയും അവരുടെ ചെറുത്തുനില്പ് അസാദ്ധ്യമാകുകയും ചെയ്തിട്ടുണ്ട്. കീഴടങ്ങലിന് നിർബന്ധിതരാകുന്നുമുണ്ട്.

മാവോയിസ്റ്റ് സംഘടനകളിലേക്ക് പുതിയ തലമുറ വരുന്നില്ല എന്നത് മാത്രല്ല, നിലവിൽ പ്രവർത്തിക്കുന്നവർക്ക് മുന്നോട്ടു പോകാൻ കഴിയുന്നില്ലെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. പ്രധാനമേഖലകളിൽ നിന്നും വനാന്തരങ്ങളിലേക്ക് മാവോയിസ്റ്റുകൾ പിൻവലിയുന്നുണ്ട്. സംഘടിത രീതിയിൽ ഭരണകൂടങ്ങൾ മാവോയിസ്റ്റുകളെ ചെറുക്കുന്നു. ഇത് മറികടക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.

ഇപ്പോഴും ചെറിയവിഭാഗം ശേഷിക്കുന്നുണ്ട്. പക്ഷേ, കൂടുതൽപേരും കീഴടങ്ങിക്കഴിഞ്ഞു. അവർക്ക് യാഥാർത്ഥ്യബോധം ഉണ്ടായിട്ടുണ്ട്. മറ്റൊരു പ്രധാനകാരണം കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലാണ്. ആസൂത്രിത നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അനിവാര്യമല്ലെന്ന ധാരണയും പ്രബലമായിട്ടുണ്ട്.

എന്തെല്ലാം ദൗർബല്യമുണ്ടെങ്കിലും കെട്ടുറപ്പുള്ള ജനാധിപത്യസംവിധാനം രാജ്യത്ത് നിലവിലുണ്ട്. അതുകൊണ്ടാണ് അങ്ങനെയൊരു അഭിപ്രായം രൂപപ്പെടുന്നത്. നിരായുധീകരണത്തിനും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ സ്വീകരിക്കാനും സമയം നൽകണമെന്ന് അവർ കത്തിൽ പറയുന്നുണ്ടെങ്കിൽ അതിൽ അവിശ്വസിക്കേണ്ടതില്ല.

കേന്ദ്രത്തിന്റെ അന്ത്യശാസനം മാർച്ച് 31 വരെയാണെങ്കിലും, അതുവരെ സുരക്ഷാസേനയുടെ നടപടികൾ നിറുത്തിവയ്ക്കാൻ മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും സമയം ചോദിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലും

ദുർബലമായി

കേരളത്തിലും ഈ പ്രസ്ഥാനം അങ്ങേയറ്റം ദുർബലമായി. ആന്ധ്രാപ്രദേശും തമിഴ്‌നാടും കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ കുറച്ചെങ്കിലും നടക്കുന്നത്. തമിഴ്‌നാട്, കർണാടക, കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അതിർത്തികൾ കേന്ദ്രീകരിച്ച് കമ്മിറ്റികളുണ്ടായിരുന്നു. പക്ഷേ, അതും ഏറെക്കുറെ പ്രവർത്തിക്കാൻ കഴിയാത്ത നിലയിലാണ്. ഇപ്പോഴും പ്രവർത്തകരായി മലയാളികളുണ്ടെങ്കിലും പ്രധാന പങ്കു വഹിക്കുന്നത് ആന്ധ്രക്കാരാണ്. പ്രവർത്തകർ കുറഞ്ഞ് അനുഭാവികൾ മാത്രമായി. വിരലിലെണ്ണാവുന്നവർ മാത്രമാണ് നേതൃനിരയിലുള്ളത്. വിപുലമായ അടിത്തറ നഷ്ടപ്പെട്ടതോടെ കേരളത്തിൽ പ്രസക്തമല്ലാതായി.