വാസുവിന്റെ ജാമ്യാപേക്ഷ: വിധി ഡിസംബർ മൂന്നിന്
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം പ്രസിഡന്റും കമ്മിഷണറുമായ എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഡിസംബർ 3ന് വിധി പറയും. കട്ടിളപ്പാളിയിലെ സ്വർണം കവർന്നതിൽ എൻ.വാസുവിന് പങ്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം എസ്.ഐ.ടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
വാസുവിന്റെ അഭിഭാഷകരുടെ വാദം ഇങ്ങനെ: കട്ടിളപ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2019 ഫെബ്രുവരി 16ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നൽകിയ കത്തിൽ സ്വർണം പൂശിയ ചെമ്പ് പാളികളെന്നാണ് എഴുതിയിരുന്നത്. ഉചിതമായ തീരുമാനമെടുക്കണമെന്ന കുറിപ്പ് മാത്രമാണ് വാസു എഴുതിയത്. അപേക്ഷ ബോർഡ് യോഗത്തിൽ വയ്ക്കാനായി തയ്യാറാക്കിയ നോട്ടിലാണ് സ്വർണത്തിന് പകരം ചെമ്പ് കടന്നു കൂടിയത്. 2019 മാർച്ച് 14ന് എൻ.വാസു കമ്മിഷണർ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് കട്ടിളപ്പാളി പോറ്റിക്ക് കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്.
എൻ.വാസുവിന് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തെളിവുകളെല്ലാം എസ്.ഐ.ടി കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാൽ അത് നശിപ്പിക്കാനുള്ള സാദ്ധ്യതയില്ലെന്ന് പ്രതി ഭാഗം പറഞ്ഞു. വാസുവിന്റെ ആരോഗ്യ പ്രശ്നങ്ങളും വിജിലൻസ് ജഡ്ജി സി.മോഹിത് മുമ്പാകെ ബോധിപ്പിച്ചു
പത്മകുമാറിനെ ഇന്ന്
ഹാജരാക്കിയേക്കും
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം പ്രൊഡക്‌ഷൻ വാറണ്ട് സമർപ്പിച്ച പശ്ചാത്തലത്തിൽ പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. കസ്റ്റഡി അനുവദിച്ചാൽ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കൊണ്ടു പോകും. മുരാരി ബാബുവിന്റെ ജാമ്യഹർജിയിലും ഇന്ന് വിധി പറയും.
വാസുവിനെ വിലങ്ങ് വച്ചത് മന:പൂർവ്വമല്ലെന്ന്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയത് മന:പൂർവമല്ലെന്ന് പൊലീസുകാർ. എ. ആ.ർ ക്യാമ്പിലെ ഒരു എസ്.ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാർ പറയുന്നു. എ.ആർ ക്യാമ്പിലെ കമൻഡാന്റാണ് അന്വേഷണം നടത്തുന്നത്. നടപടിയുണ്ടാകുമെന്നുമാണ് സൂചന.