രാജവെമ്പാലയുടെ കഴുത്തിന് പിടിച്ച് വിഷം പുറത്തെടുത്ത് യുവാവ്; പിന്നെ സംഭവിച്ചത്

Tuesday 25 November 2025 10:14 PM IST

പാമ്പുകളെ സംബന്ധിച്ചുള്ള നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാമ്പുകളുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്, ഏത് സാഹചര്യത്തിലാണ് പാമ്പുകള്‍ മനുഷ്യരെ കടിക്കുന്നത്. വീട്ടിനുള്ളിലും പരിസരത്തും പാമ്പ് വരാതിരിക്കാന്‍ എന്ത് ചെയ്യണം തുടങ്ങിയ ബോധവത്കരണ വീഡിയോകളാണ് കൂടുതലായും കാണപ്പെടുന്നത്. കേരളത്തില്‍ സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ പാമ്പുകളെ പിടികൂടുന്ന വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്.

പാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ളത് എന്ന് കണക്കാക്കുന്നത് രാജവെമ്പാലകളേയാണ്. അറിഞ്ഞൊന്ന് കടിച്ചാല്‍ ഒരു ആനയെപ്പോലും തീര്‍ക്കാന്‍ ഇവയുടെ വിഷത്തിന് കഴിയും. ഒറ്റക്കടിയില്‍ നിരവധി മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടാന്‍ കഴിയുന്ന അത്രയും വിഷമാണ് ഇവ പുറന്തള്ളുന്നത്. എന്നാല്‍ ഒരു നായക്കുട്ടിയെ ലാളിക്കുന്നത് പോലെ രാജവെമ്പാലയെ കൈകാര്യം ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍.

ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രചരിക്കുന്നത്. രാജവെമ്പാലയുടെ കഴുത്തിന് കുത്തപ്പിടിച്ച് ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ അതിനെക്കൊണ്ട് കടിപ്പിച്ച് വിഷം പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകള്‍, മുതല പോലുള്ള ജീവികള്‍ എന്നിവയെ ഈ യുവാവ് വീഡിയോകളില്‍ കാണിക്കാറുണ്ട്. എന്നാല്‍ രാജവെമ്പാലയോടുള്ള ഇയാളുടെ പ്രവര്‍ത്തി വളരെ ക്രൂരമായിപ്പോയെന്നും അപകടം നിറഞ്ഞതാണെന്നുമാണ് ആളുകളുടെ കമന്റുകള്‍.

തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന വീഡിയോകളിലെ പാമ്പുകളുടെ വിഷപ്പല്ല് നീക്കം ചെയ്തവയാണെന്ന് പലരും ആരോപണം ഉന്നയിക്കുന്നുവെന്നും ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് ഇത്തരമൊരു പ്രവര്‍ത്തിയെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.