സർക്കാർ സ്‌കൂൾ മൗലികാവകാശം: കേരളത്തിന് മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി പുതിയ ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: മലപ്പുറം മഞ്ചേരി എളാമ്പ്രയിൽ സർക്കാർ എൽ.പി സ്‌കൂൾ സ്ഥാപിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ സുപ്രീംകോടതിക്ക് ആശ്ചര്യം, അമർഷം. 100% സാക്ഷരതയുള്ള കേരളം സർക്കാർ സ്‌കൂൾ സ്ഥാപിക്കുന്നതിനെ എന്തിനാണ് എതിർക്കുന്നത്? വിദ്യാഭ്യാസ മേഖലയ്‌ക്കായി പണം ചെലവിട്ടതുകൊണ്ടാണ് സമ്പൂർണ സാക്ഷരത നേടാനായത്. അതിൽ വിട്ടുവീഴ്ച ചെയ്യരുത്. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഓർമ്മിപ്പിച്ചു. എളാമ്പ്രയിൽ മൂന്നുമാസത്തിനകം സർക്കാർ എൽ.പി സ്‌കൂൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ച സുപ്രീംകോടതി, സംസ്ഥാനമൊട്ടാകെ ബാധകമാക്കുന്ന തരത്തിൽ പൊതുനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഹർജി അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. എളാമ്പ്ര സ്വദേശികൾ നൽകിയ പൊതു താത്പര്യ ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേരള വിദ്യാഭ്യാസ ചട്ടത്തിലെ സാങ്കേതിക കാരണങ്ങളും സാമ്പത്തിക പ്രതിസന്ധി - ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ തുടങ്ങിയ ന്യായങ്ങളും പറഞ്ഞ് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഒരു കിലോമീറ്റർ പരിധിയിൽ എൽ.പി സ്‌കൂളും മൂന്നു കിലോമീറ്റർ പരിധിയിൽ യു.പി സ്‌കൂളും വേണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലുള്ളത്. ആ വ്യവസ്ഥ പാലിക്കണം. രണ്ടുഘട്ടമായി കേരളത്തിൽ ഇക്കാര്യം നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
നടപ്പിലാക്കാനുള്ള രണ്ടുഘട്ടം
ആദ്യഘട്ടമായി എൽ.പി, യു.പി സ്‌കൂളുകൾ ഇല്ലാത്ത മേഖലകൾ സർക്കാർ കണ്ടെത്തണം. രണ്ടാംഘട്ടമായി ഒരു കിലോമീറ്റർ പരിധിയിൽ എൽ.പി സ്‌കൂളും മൂന്നു കിലോമീറ്റർ പരിധിയിൽ യു.പി സ്‌കൂളും സ്ഥാപിക്കണം. എയിഡഡ് - അൺ എയിഡഡ് അല്ല വേണ്ടത്, സർക്കാർ സ്‌കൂൾ തന്നെയാകണം. മൂന്നു മാസത്തിനകം നടപടിയെടുക്കണം. ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കുട്ടികൾക്ക് എത്രയും അടുത്ത് എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്തായിരിക്കണം സ്‌കൂൾ.
ഹൈക്കോടതി നിലപാട് ശരി
എളാമ്പ്രയിൽ സർക്കാർ എൽ.പി സ്‌കൂൾ തുടങ്ങണമെന്ന് നാട്ടുകാർ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചിരുന്നു. ഒരേക്കർ സ്ഥലം നാട്ടുകാർ വാങ്ങിയിരുന്നു. കെട്ടിടം നിർമ്മിക്കാമെന്ന് മുനിസിപ്പാലിറ്രിയും സമ്മതിച്ചു. സർക്കാർ മുഖംതിരിച്ചതോടെ, ടി. മുഹമ്മദ് ഫൈസി അടക്കം നാട്ടുകാർ കേരള ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരള ഹൈക്കോടതി നിലപാട് സുപ്രീംകോടതി ശരിവച്ചു.
സംസ്ഥാന വാദം വിലപ്പോയില്ല
എളാമ്പ്രയിൽ പുതിയ എൽ.പി സ്‌കൂൾ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ ഉന്നയിച്ച മറുന്യായങ്ങളൊന്നും സുപ്രീംകോടതി സ്വീകരിച്ചില്ല. 3 കിലോമീറ്റർ
അപ്പുറമുള്ള സർക്കാർ സ്‌കൂളിലേക്ക് സൗജന്യയാത്ര ഒരുക്കാമെന്നു പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു. പുലർച്ചെ പുറപ്പെട്ട് രാത്രി വൈകി മടങ്ങിയെത്തുന്ന സാഹചര്യമുണ്ടാകുമെന്ന് നാട്ടുകാർക്കുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശും അഡ്വ. പി.എസ്. സുൽഫിക്കർ അലിയും അറിയിച്ചു.
താത്കാലിക കെട്ടിടത്തിലാവട്ടെ
സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കുന്നു. അതിനാൽ സ്വകാര്യ കെട്ടിടങ്ങളെ താത്കാലിക, മേക്ക് ഷിഫ്റ്റ് സ്‌കൂളുകളാക്കി മാറ്രാവുന്നതാണ്. അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. സ്ഥിരം സ്‌കൂൾ നിർമ്മിക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്തണം. സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്നതുവരെ ഒരു വർഷത്തേക്ക് റിട്ടയേർഡ് അദ്ധ്യാപകരെ നിയോഗിക്കാം. സ്‌കൂളുകൾ സ്ഥാപിക്കാൻ ആവശ്യമെങ്കിൽ ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് അനുമതി നൽകാവുന്നതാണ്.