കുതിപ്പ് തുടങ്ങി എറണാകുളം

Wednesday 26 November 2025 1:41 AM IST

കൊച്ചി: തുടർച്ചയായ നാലാം കിരീടത്തിലേക്ക് കണ്ണെറിഞ്ഞ് എറണാകുളവും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ നോർത്ത് പറവൂരും വാശിയോടെ ആദ്യ ദിന കുതിപ്പ് തുടങ്ങിയതോടെ 36-ാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 192 പോയിന്റോടെയാണ് ആതിഥേയരായ എറണാകുളം ഉപജില്ല മുന്നിൽ നിൽക്കുന്നത്. നാല് പോയിന്റു മാത്രം പിന്നിലുള്ള (188) നോർത്ത് പറവൂരിനും കിരീട സാദ്ധ്യതകളേറെ. 180 പോയിന്റുമായി മട്ടാഞ്ചേരിയും 174 പോയിന്റോടെ പെരുമ്പാവൂരും, 167 പോയിന്റുമായി മൂവാറ്റുപുഴ ഉപജില്ലയുമാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.

സ്‌കൂളുകളിൽ മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്

59 പോയിന്റോടെ മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസാണ് ഒന്നാമത്. ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് 53 പോയിന്റോടെ രണ്ടാമത്. എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് 51 പോയിന്റോടെ മൂന്നാമതും 50 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് നാലാമതുമാണ്.

അറബിക് കലോത്സവം

യു.പി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകൾക്ക് 20 പോയിന്റ് വീതുമുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, പെരുമ്പാവൂർ ഉപജില്ലകളാണ് മുന്നിൽ (25 പോയിന്റ്).

സംസ്‌കൃതോത്സവം

യു.പി വിഭാഗത്തിൽ 43 പോയിന്റുമായി അങ്കമാലി, ആലുവ, മൂവാറ്റുപുഴ, നോർത്ത് പറവൂർ ഉപജില്ലകളാണ് മുന്നിൽ. ഹൈസ്‌കൂൾ വിഭാഗത്തിൽ 15 പോയിന്റോടെ മൂവാറ്റുപുഴ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, നോർത്ത് പറവൂർ, കോലഞ്ചേരി, അങ്കമാലി, ആലുവ ഉപജില്ലകൾ മുന്നിട്ട് നിൽക്കുന്നു.

ഉദ്ഘാടനം ഇന്ന്

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ടാം ദിനമായ ബുധനാഴ്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിക്കും. രാവിലെ 9.30ന് പ്രധാന വേദിയായ എറണാകുളം സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്.എസിലാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യാതിഥിയായി സിനിമ താരം ബിബിൻ ജോർജ് പങ്കെടുക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി രാവിലെ ഒമ്പതിന് ഡി.ഡി.ഇ സുബിൻപോൾ പതാക ഉയർത്തും.