നാടൻപാട്ടിൽ എസ്.എൻ പുല്ലംകുളത്തിന്റെ തിരിച്ചുവരവ്
കൊച്ചി: കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി നഷ്ടപ്പെട്ട നാടൻ പാട്ടിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നോർത്ത് പറവൂർ എസ്.എൻ.എച്ച്.എസ്.എസ് പുല്ലംകുളം. ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിലാണ് സ്കൂൾ ഒന്നാമതെത്തിയത്. ഒപ്പം മത്സരിച്ച 13 ടീമുകളെ പിന്നിലാക്കി 14-ാമനായി അരങ്ങിലെത്തിയ എസ്. എൻ.എച്ച്.എസ്.എസ് നേട്ടം കൊയ്തപ്പോൾ അത് അവരുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവായി. ആലപ്പുഴ ജില്ലയിലെ കൃഷി ആരംഭവുമായി ബന്ധപ്പെട്ട് പൂജയുൾപ്പെടെയുള്ളവയെക്കുറിച്ചുള്ള കൊട്ടും കളിപ്പാട്ടും എന്നു തുടങ്ങുന്ന ഗാനമാണ് ടീമിന് സംസ്ഥാന കലോത്സവത്തിനുള്ള വഴിയൊരുക്കിയത്. ഒന്നര മാസത്തെ ചിട്ടയായ തയാറെടുപ്പാണ് ടീമിന്റെ നേട്ടത്തിനു പിന്നിൽ. നാടൻപാട്ട് കലാകാരന്മാരായ ആദിത്യനും അലനും ചേർന്നാണ് ടീമിനെ സജ്ജമാക്കിയത്. ആര്യ ലക്ഷ്മി, അനവദ്യ, പൗർണമി ചന്ദ്ര, ആര്യനന്ദ, ശ്രീലക്ഷ്മി, അനുമോൾ, ദേവിക എന്നിവരാണ് സ്കൂളിന് അഭിമാനമായത്.