കരുവന്നൂർ: ക്രൈംബ്രാഞ്ച് കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല

Wednesday 26 November 2025 1:45 AM IST

കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിൽ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. പ്രതികൾ ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു.

കരുവന്നൂർ കേസിലെ ഒന്നു മുതൽ മൂന്ന് വരെ പ്രതികളും ബാങ്ക് പ്രതിനിധികളുമായ ബിജു കരീം, ടി.ആർ. സുനിൽകുമാർ, സി.കെ. ജിൽസ്, 21-ാം പ്രതിയും ബിജുവിന്റെ ഭാര്യയുമായ ജുതദാസ്, 22-ാം പ്രതിയും ജിൽസിന്റെ ഭാര്യയുമായ ശ്രീലത എന്നിവരുടെ ഹർജികളാണ് തള്ളിയത്. വായ്പാ തിരിമറിയുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത ഇരുപതിലധികം കേസുകളിൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.