തിരഞ്ഞെടുപ്പ് അവലോകനം
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ അവലോകനം ചെയ്തു. തയാറെടുപ്പുകൾ പൂർത്തിയായി വരുകയാണെന്ന് ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു അറിയിച്ചു. മൊത്തം 12000 ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വോട്ടിംഗ് യന്ത്രങ്ങൾ സ്റ്റോർ റൂമിൽ നിന്ന് പോളിംഗ് കേന്ദ്രങ്ങളിലെത്തുന്നതു വരെയുള്ള നടപടികൾക്ക് കർശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും റൂറൽ എസ്.പി എം.ഹേമലതയും അറിയിച്ചു. ജില്ലയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഷാജി വി. നായരുടെ സാന്നിദ്ധ്യത്തിലായിരുന്നു അവലോകനം.