ഹൈക്കോടതി ഓഡിറ്റോറിയത്തിൽ ഗവർണറുടെ ചടങ്ങിൽ ഭാരതാംബ ചിത്രം
Wednesday 26 November 2025 1:58 AM IST
കൊച്ചി: ഗവർണർ രാജേന്ദ്ര ആർലേക്കേറെ പങ്കെടുപ്പിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ഭാരതാംബയുടെ ചിത്രംവച്ചതിൽ വിവാദം. സംഭവത്തിൽ ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രതിഷേധിച്ചു. നീതിപീഠത്തിന്റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. അഭിഭാഷക പരിഷത്തിന്റെ നിയമ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്താനാണ് ഇന്നലെ ഗവർണർ എത്തിയത്. വേദിയിൽ ഭാരതാംബയുടേയും അംബേദ്കറിന്റേയും ചിത്രങ്ങൾ ഹാരമണിയിച്ച് ദീപം തെളിച്ചുവച്ചിരുന്നു.