ആഡംബര വിപണിയിൽ കോർപ്പറേറ്റ് പോരാട്ടം
അതിസമ്പന്നർക്കായി ആഗോള ബ്രാൻഡുകളുമായി അംബാനിയും ബിർളയും
കൊച്ചി: ഇന്ത്യൻ ആഡംബര ബ്രാൻഡ് വിപണി പിടിക്കാൻ അംബാനിയും ബിർളയും പോരാട്ടം ശക്തമാക്കുന്നു. അതിസമ്പന്നരുടെ മനസിനിണങ്ങിയ ഉയർന്ന വിലയുള്ള ലോകോത്തര ബ്രാൻഡുകൾ അവതരിപ്പിച്ചാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും കുമാർ മംഗളം ബിർളയുടെ ആദിത്യ ബിർള ഗ്രൂപ്പും കൊമ്പുകോർക്കുന്നത്. പേർഷ്യൻ ലക്ഷ്വറി ഡിപ്പാർട്ടുമെന്റ് ബ്രാൻഡായ ഗാലറി ലഫായത് ബിർള ഗ്രൂപ്പുമായി കൈകോർത്ത് കഴിഞ്ഞ മാസം മുംബയിൽ പുതിയ സ്‌റ്റോർ ആരംഭിച്ചിരുന്നു. ഗുച്ചി, ഡിയോ, ലൂയി വ്യൂട്ടോൺ, കാർട്ടിയർ തുടങ്ങിയ പ്രമുഖ ആഡംബര ബ്രാൻഡുകൾ ലഭ്യമാക്കുന്ന റിയലൻസിന്റെ ജിയോ വേൾഡ് പ്ളാസയുമായി നേരിട്ട് മത്സരിക്കുന്നതിനാണ് ഗാലറി ലഫായത് ഒരുങ്ങുന്നത്.
രാജ്യത്തെ അതിസമ്പന്നർ ആഗോള ബ്രാൻഡുകൾ വിദേശത്ത് നിന്നാണ് വാങ്ങിയിരുന്നത്. കൊവിഡിന് ശേഷം രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കുതിച്ചുയർന്നതോടെയാണ് ആഡംബര ബ്രാൻഡുകൾ ഇന്ത്യയിലും ലഭ്യമാക്കുകയാണ് കോർപ്പറേറ്റ് ഗ്രൂപ്പുകൾ. പരമ്പരാഗത സമ്പന്നർക്കൊപ്പം പുതിയ സ്‌റ്റാർട്ടപ്പ് സ്ഥാപനങ്ങളുടെ ഉടമകൾക്കും ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് എക്‌സിക്യൂട്ടീവുകൾക്കും ആഗോള ആഡംബര ബ്രാൻഡുകളോട് പ്രിയമേറിയതോടെ വിപണി അതിവേഗം വികസിക്കുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
2028ൽ ലക്ഷ്വറി ബ്രാൻഡ് വിപണി പ്രതീക്ഷിക്കുന്ന ബിസിനസ്
1.07 ലക്ഷം കോടി രൂപ
വിപണി മേധാവിത്വം നേടാൻ ശ്രമം
റീട്ടെയിൽ വിപണിയിലും അംബാനി, ബിർള ഗ്രൂപ്പുകൾ മത്സരം കടുപ്പിക്കുകയാണ്. റിലയൻസ് റീട്ടെയിൽ ശൃംഖലയിലൂടെ 90ൽ അധികം ലക്ഷ്വറി, പ്രീമിയം ബ്രാൻഡുകളാണ് അവതരിപ്പിക്കുന്നത്. ബാലൻസിയാഗ, ബർബറി, ടിഫാനി ആൻഡ് കോ എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. വെസ്‌റ്റേൺ ലേബലുകൾക്കാണ് റിലയൻസിന്റെ സ്‌റ്റോറുകളിൽ മേധാവിത്വം. ആദിത്യ ബിർള ഗ്രൂപ്പ് എത്‌നിക് ലക്ഷ്വറി ബ്രാൻഡുകളാണ് കൂടുതലായി അവതരിപ്പിക്കുന്നത്. ഗാലറി ലഫായത് സ്‌റ്റോറിൽ അവതരിപ്പിച്ച 250 ബ്രാൻഡുകളിൽ 70 ശതമാനവും ആദ്യമായാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്.