കേരള ബാങ്ക് കുതിപ്പു തുടരും : പി.മോഹനൻ
കോഴിക്കോട്ടെ സി.പി.എമ്മിനെ പത്തുവർഷം നയിച്ച പി. മോഹനൻ കേരളാ ബാങ്കെന്ന രാജ്യത്തെ തലയെടുപ്പുള്ള സഹകരണ പ്രസ്ഥാനത്തിന്റെ സാരഥിയാകുമ്പോൾ ചുമതലകളും ഉത്തരവാദിത്വങ്ങളും ഏറെയാണ്. രാഷ്ട്രീയക്കാരന്റെ കാർക്കശ്യത്തിനൊപ്പം മാഷേ എന്ന വിളികേൾക്കുമ്പോഴുള്ള ലാളിത്യവും സ്‌നേഹവായ്പുമാണ് പി. മോഹനന്റെ കൈമുതൽ. ഡി.വൈ.എഫ്.ഐയിലൂടെ വളർന്ന് സിപി.എം ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ഇപ്പോൾ സംസ്ഥാനകമ്മിറ്റി അംഗവുമായ മോഹനൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കേരള ബാങ്ക് പ്രസിഡന്റെന്ന നിലയിൽ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
@ കേരള ബാങ്കിൽ എന്ത് മാറ്റങ്ങളാണ് വിഭാവനം ചെയ്യുന്നത്?
പുതിയ പ്രസിഡന്റിനായി മാത്രം മാറ്റങ്ങളില്ല. 2020മുതൽ കേരള ബാങ്ക് മികച്ച വളർച്ച നേടുന്നു. നിലവിൽ 823 ശാഖകളുള്ള ബാങ്ക് നിക്ഷേപം, വായ്പ, കാർഷിക സഹായം, ബിസിനസ് തുടങ്ങിയ എല്ലാ വിഭാഗത്തിലും രാജ്യത്ത് ഒന്നാമതാണ്. ഈ മുന്നേറ്റം തുടരും.
@ പുതിയ പദ്ധതികൾ?
ബാങ്കിംഗ് സേവനങ്ങൾക്കൊപ്പം വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ മേഖലകളിലും കേരള ബാങ്കിന്റെ ഇടപെടലുകളുണ്ടാവും. പ്രൈമറി ബാങ്കുകൾക്ക് ഡിവിഡന്റ് നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
@ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇപ്പോഴും
കേരള ബാങ്കിന് പുറത്താണല്ലോ...?
വൈകാതെ വരും. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ വിശദീകരണത്തിനില്ല. എങ്കിലും മലപ്പുറം ബാങ്കും താമസിയാതെ കേരള ബാങ്കിന്റെ ഭാഗമാകും.
@ ഭാരിച്ച ഉത്തരവാദിത്വമല്ലേ?
തീർച്ചയായും. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണായ സഹകരണ ബാങ്കുകളെ തകർക്കാൻ നിരന്തരമായ ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. അതുപോലെ ചില ബാങ്കുകളിലെ പ്രശ്നങ്ങൾ ഉയർത്തി വേട്ടയാടലുകളും നടക്കുന്നുണ്ട്. അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുകയെന്നത് വലിയ ഉത്തരവാദിത്വമാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയത്തിനപ്പുറത്ത് വിശ്വസിച്ച് സ്‌നേഹിക്കുന്ന വലിയൊരു സമൂഹമാണ് കരുത്ത്.
@ പ്രതിസന്ധി ഘട്ടത്തിൽ പ്രമുഖ നേതാവിനെ പാർട്ടിക്ക് നഷ്ടപ്പെടുകയാണോ?
ഒരിക്കലുമില്ല. ഞാനെന്നും അടിമുടി രാഷ്ട്രീയക്കാരനാണ്. കേരള ബാങ്കിന്റെ ചുമതലയിലിരിക്കുമ്പോൾ ബാങ്കിന് രാഷ്ട്രീയമില്ലെന്നുമാത്രം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പ്രതിസന്ധിയൊന്നുമല്ല. പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ പാർട്ടിക്കോ മുന്നണിക്കോ പേടിയില്ല. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ജില്ലയിൽ ഞാൻ സജീവമാണ്. കഴിഞ്ഞ കാലങ്ങളിലെ അനുഭവപാഠങ്ങൾ താഴേക്കിടയിലുള്ള അണികളുമായി നിരന്തരം സംവദിക്കുന്നുണ്ട്.