വയലാറിന്റെ വരികളിലൂടെ വേദികൾ
Wednesday 26 November 2025 12:09 AM IST
കോഴഞ്ചേരി : മലയാളഭാഷയെ ചന്ദ്രകളഭമണിയിച്ച മഹാകവി വയലാർ രാമവർമയുടെ വരികൾ റവന്യു ജില്ല സ്കൂൾ കലോത്സവ വേദികൾക്ക് പേരുകളായി. ശ്രാവണ ചന്ദ്രിക, ഇന്ദ്രവല്ലരി, സ്വർഗ്ഗവാതിൽ പക്ഷി, മായാജാലക വാതിൽ, ആയിരം പാദസ്വരങ്ങൾ, ഓമനത്തിങ്കൾ പക്ഷി, ചന്ദനപ്പല്ലക്കിൽ, കൈതപ്പൂ വിശറി, കൃഷ്ണപക്ഷ കിളി, ചന്ദ്രകളഭം, മഞ്ജു ഭാഷിണി, വെൺചന്ദ്രലേഖ എന്നിങ്ങനെയാണ് സംഘാടകർ 13 വേദികൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. ശാസ്ത്രീയ സംഗീതം മത്സരം നടന്ന വേദി 10 ചന്ദ്രകളഭത്തിൽ വേദിയിലെ ബാനറിൽ "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി " എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ആലേഖനം ചെയ്തിരുന്നത് കലാപ്രേമികൾക്കും കൗതുകമായി.