സാങ്കേതിക യൂണി. വിദ്യാർത്ഥികൾക്ക് ഇൻഷ്വറൻസ്
തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയും നാഷണൽ ഇൻഷ്വറൻസ് കമ്പനിയും ചേർന്ന് വിദ്യാർത്ഥികൾക്കായി ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം നടപ്പാക്കി. ഒക്ടോബർ ഒന്നു മുതൽ നിലവിൽ വന്ന പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അപകടങ്ങൾ, മരണങ്ങൾ എന്നിവ സംഭവിക്കുമ്പോൾ പരമാവധി 13 ലക്ഷം രൂപ ധനസഹായം ലഭിക്കും. അപകടങ്ങളിൽപ്പെട്ട് മരിക്കുന്ന വിദ്യാർത്ഥികളുടെ നോമിനിയ്ക്ക് 5 ലക്ഷം രൂപ ധനസഹായവും മാതാപിതാക്കളിൽ ആരുടെയെങ്കിലും മരണം സംഭവിച്ചാൽ വിദ്യാർഥിക്ക് 5 ലക്ഷം രൂപ ധനസഹായവും ലഭിക്കും. അപകടത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ചികിത്സാസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം നൽകും. സാങ്കേതിക സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ സർവകലാശാലയുടെ കീഴിലുള്ള മുഴുവൻ വിദ്യാർഥികളുടെയും ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, നാഷണൽ ഇൻഷ്വറൻസ് കമ്പനി സർവകലാശാലയ്ക്ക് കൈമാറി.