സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സാദ്ധ്യതാപട്ടിക വെട്ടികുറച്ചു

Wednesday 26 November 2025 12:19 AM IST

തിരുവനന്തപുരം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ‌സ് വകുപ്പിലേക്കുള്ള സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സാദ്ധ്യതാപട്ടിക വെട്ടിക്കുറച്ചതായി പരാതി. പ്രതീക്ഷിത ഒഴിവുകൾക്ക് ആനുപാതികമായി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയില്ല.

14 ജില്ലകളുടെ സാദ്ധ്യതാപട്ടികയിൽ 1,394 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. മുഖ്യപട്ടികയിൽ ആകെ 396 പേരാണ്. നിലവിലെ റാങ്ക് പട്ടികയിൽനിന്ന് ഇതുവരെ 586 പേർക്ക് നിയമനശുപാർശ അയച്ചിരുന്നു. എന്നാൽ അത്രയും പേരെപ്പോലും മുഖ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ, അടുത്ത മൂന്നുവർഷം റിപ്പോർട്ട് ചെയ്യാനിടയുള്ള ഒഴിവുകൾ പൂർണമായി നികത്താൻ പുതിയ റാങ്ക് പട്ടികയ്ക്ക് കഴിയില്ലെന്നാണ് പരീക്ഷയെഴുതിയവരുടെ പരാതി.

കഴിഞ്ഞ ജൂലായ് 31-നായിരുന്നു പരീക്ഷ. 14 ജില്ലകളിലായി 25,081 പേരാണ് പരീക്ഷയെഴുതിയത്. 48,566 പേരായിരുന്നു അപേക്ഷകർ. ജില്ലകളുടെ ശരാശരി കട്ട്-ഓഫ് 35-40 മാർക്കാണ്. തിരുവനന്തപുരത്തിനാണ് ഉയർന്ന കട്ട്-ഓഫ് മാർക്ക് (41.33). കുറഞ്ഞത് വയനാടിനും (34.67). ഏറ്റവും വലുത് സാദ്ധ്യതാപട്ടിക മലപ്പുറത്തിന്റെതാണ്. അതിൽ 147 പേരാണുള്ളത്. ഏറ്റവും ചെറിയ വയനാടിന്റെ ലിസ്റ്റിൽ 70 പേരാണുള്ളത്.