സോളാർ വൈദ്യുതി വില നൽകുന്നത് നഷ്ടം സഹിച്ച്: കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനവും ദീർഘകാല കരാറുകൾ വഴി ലഭ്യമാകുന്ന വൈദ്യുതിയും കൂട്ടിച്ചേർത്താലും ആവശ്യകത നിറവേറ്റാനാകാതെ വരുന്ന സാഹചര്യത്തിലാണ് ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങുന്നതെന്ന് കെ.എസ്.ഇ.ബി.
ദിവസം മുഴുവൻ ലഭ്യമാകുന്ന വൈദ്യുതിയുടെ വില, പകൽ മാത്രം ലഭിക്കുന്ന സോളാർ വൈദ്യുതിയുടെ വിലയുമായി താരതമ്യം ചെയ്യാനാവില്ലെന്നും വ്യക്തമാക്കി.
പുറത്തുനിന്ന് 4.34 രൂപയ്ക്ക് വൈദ്യുതി വാങ്ങുകയും സോളാർ ഉത്പാദകർക്ക് 2.79 രൂപ മാത്രം നൽകുന്നതും സംബന്ധിച്ച കേരളകൗമുദി വാർത്തയിലാണ് കെ.എസ്.ഇ.ബി വിശദീകരണം.
കമ്പോളത്തിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യം നിലവിലുള്ളപ്പോൾ വലിയ നഷ്ടം സഹിച്ചാണ് സോളാർ ഉത്പാദകർക്ക് യൂണിറ്റിന് 2.79 രൂപ നൽകുന്നത്. സോളാർ ഉത്പാദകർക്ക് ഇതിലും കൂടിയ നിരക്ക് നൽകുന്നത് കെ.എസ്.ഇ.ബിയുടെ സാമ്പത്തിക അടിത്തറ തകർക്കുമെന്നും വ്യക്തമാക്കി.