കേന്ദ്രത്തിന് വഴങ്ങി: വൈദ്യുതി സർചാർജ് പരിധി ഒഴിവാക്കും
തിരുവനന്തപുരം: ഉപഭോഗം കൂടുന്നതിനനുസരിച്ച് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുമ്പോഴുണ്ടാകുന്ന അധികച്ചെലവ് പരിഹരിക്കാൻ ഉപഭോക്താക്കളിൽ നിന്ന് ബില്ലിനൊപ്പം ഓരോ മാസവും ഈടാക്കുന്ന സർചാർജ് തുക നിർണ്ണയിക്കുന്നതിലുള്ള പരിധി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് നിർദ്ദേശം നൽകി. ഇതെങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് കമ്മിഷനാണ്.
രണ്ടു തരത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി സർചാർജ് നിർണ്ണയിക്കുന്നത്. കരാർ പ്രകാരമുള്ള വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ബാധ്യത നികത്തുന്നതിന് പ്രത്യേക അപേക്ഷ നൽകി വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് സർചാർജ് നിരക്കും ഈടാക്കേണ്ട സമയ പരിധിയും നിർണ്ണയിക്കുന്നത്.ഇത്തരം സർചാർജിന് നിലവിൽ പരിധിയില്ല. എന്നാൽ അതത് മാസമുണ്ടാകുന്ന അധികച്ചെലവും ബാധ്യതയും നികത്തുന്നതിന് സർചാർജ് കെ.എസ്.ഇ.ബിക്ക് നിശ്ചയിക്കാം.ഇത് പരമാവധി യൂണിറ്റിന് 10 പൈസയായിരിക്കണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്.ഇതിലൂടെ പ്രതിവർഷ കടമെടുപ്പ് പരിധിയിൽ 0.5% വർദ്ധന നേടിയെടുക്കാൻ സർക്കാരിനാകും.
സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3% ആണ് കടമെടുപ്പ് പരിധി.വൈദ്യുതി മേഖലയിലെ ആനുകൂല്യങ്ങൾ നൽകിയാൽ ഇത് 3.5% ആയി ഉയർത്താനാകും. ഇതിലൂടെ ഏകദേശം 6000 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് അധികം വായ്പയെടുക്കാനാകുക.കേന്ദ്ര വൈദ്യുതി നിയമമനുസരിച്ച് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വാങ്ങലിലും വൈദ്യുതി കമ്മി നികത്തുന്നതിലുമുണ്ടാകുന്ന അധിക ബാധ്യത സർചാർജിലൂടെ അതത് മാസം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം.ഇതിന് പരിധിയില്ല.എന്നാൽ, ജനങ്ങൾക്ക് ബാധ്യതയാകാതിരിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് സ്വന്തം ഉത്തരവാദിത്വത്തിൽ 10 പൈസയുടെ പരിധി ഏർപ്പെടുത്തിയത്.