കേരളാ രജിസ്ട്രാറുടെ ഹർജിയിൽ വിശദീകരണം തേടി
കൊച്ചി: സസ്‌പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടും നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. വൈസ് ചാൻസലറും സർവകലാശാലയും എതിർ സത്യവാങ്മൂലം നൽകണമെന്ന് നിർദ്ദേശിച്ചാണ് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി മാറ്റിയത്.
അതേസമയം സിൻഡിക്കേറ്റ് യോഗതീരുമാനം നടപ്പാക്കാത്ത വി.സിയുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി വിശദവാദത്തിനായി ജസ്റ്റിസ് വി.ജി. അരുൺ ശനിയാഴ്ചത്തേക്ക് മാറ്റി.സർവകലാശാലയിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാറെ കഴിഞ്ഞ ജൂലായിൽ വി.സി സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ തുടരുന്നതിനാൽ ഔദ്യോഗിക കൃത്യനിർവഹണം നടത്താൻ സാധിക്കുന്നില്ലെന്ന് രജിസ്ട്രാർ വാദിച്ചു. ഓരോ ആരോപണങ്ങൾ തനിക്കു മേൽ ഉയർത്തുന്നത് ചട്ടവിരുദ്ധമാണ്. മെമ്മോ നൽകാതെ മൂന്നു മാസത്തിലധികം സസ്‌പെൻഷൻ നീട്ടാനാവില്ല. അടിയന്തര തീർപ്പ് വേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ സസ്പെൻഷൻ കാലയളവിൽ ഹർജിക്കാരൻ ക്രമവിരുദ്ധമായി 522ഫയലുകൾ ഒപ്പു വച്ചെന്നും, അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുകയാണെന്നും ചാൻസലറുടെ മറുപടി കാത്തിരിക്കുകയാണെന്നും വി.സി വാദിച്ചു. തുടർന്ന് രജിസ്ട്രാർ ഇൻ ചാർജിനടക്കം നോട്ടീസിന് നിർദ്ദേശിച്ച കോടതി ഹർജി മാറ്റുകയായിരുന്നു.
അതേസമയം കോടതി നിർദ്ദേശപ്രകാരം നവംബർ ഒന്നിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ പിൻവലിച്ചതാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. സസ്‌പെൻഷന്റെ കാര്യത്തിൽ സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം വി.സിക്ക് ബാധകമായിരിക്കുമെന്നാണ് കോടതി ഉത്തരവുള്ളത്. അതിനാൽ തീരുമാനം ആദ്യംനടപ്പാക്കുകയാണ് വി.സി ചെയ്യേണ്ടതെന്നും വാദിച്ചു. ചാൻസലറുടെ അഭിപ്രായത്തിനുവേണ്ടി സിൻഡിക്കേറ്റ് യോഗതീരുമാനം വിട്ടിരിക്കുകയാണെന്ന് വി.സിയും വാദിച്ചു.