എൽസമ്മ ബസിന് രണ്ട് സ്റ്റിയറിംഗ്
കൊച്ചി: എൽസമ്മ ബസിന് സ്റ്റിയറിംഗ് ഒന്നല്ല, രണ്ടെണ്ണമുണ്ട്. വലതുവശത്തേത് ഡ്രൈവർക്കും ഇടതുവശത്തേത് ബസിൽ യാത്രചെയ്യുന്ന കുട്ടികൾക്കും. ബസ് ഉടമകൂടിയായ ഡ്രൈവർ ടി.ജെ. ഡിസൂസയാണ് മൂന്നുവർഷംമുമ്പ് രണ്ടാമത്തെ സ്റ്റിയറിംഗ് ഘടിപ്പിച്ചത്. അതോടെ ചേർത്തല മേഖലയിലെ കുട്ടികളുടെ പ്രിയങ്കരിയായി എൽസമ്മ ബസ്. എ.സി, വാഷിംഗ് മെഷീൻ ടെക്‌നിഷ്യനായിരുന്നു കണിച്ചുകുളങ്ങര ചെത്തി സ്വദേശിയായ ഡിസൂസ. അതുപേക്ഷിച്ചാണ് സ്വകാര്യബസ് ഡ്രൈവറായത്. പിന്നീട് സ്വന്തമായി ബസ് വാങ്ങി. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ബസിൽ കുട്ടികൾ വണ്ടിച്ചൊരുക്ക് കാരണം ഛർദ്ദിക്കുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കാൻ സുഹൃത്ത് ബിനീഷ് നിർദ്ദേശിച്ചതാണ് ഒരു കളിപ്പാട്ടം വയ്ക്കുന്ന കാര്യം. കുട്ടികളുടെ ശ്രദ്ധ അതിലായാൽ ഛർദ്ദിക്കാനുള്ള പ്രവണത ഇല്ലാതാകുമത്രെ. ആ ചിന്തയാണ് കളിപ്പാട്ടമോഡൽ സ്റ്റിയറിംഗിൽ എത്തിയത്. പഴയ കാർ സ്റ്റിയറിംഗ് സംഘടിപ്പിച്ച് തിരിക്കാൻ കഴിയുന്ന രീതിയിൽ ബസിൽ ഘടിപ്പിച്ചു. അത് ഹിറ്റായി. കുട്ടികൾക്കിടയിൽ താരമാണിപ്പോൾ എൽസമ്മ ബസ്. ഛർദ്ദിൽ പ്രശ്നവും തീർന്നു.
ഡ്രൈവിംഗിന് കുട്ടികളുടെ ക്യൂ
രാവിലെ 6.30ന് ചേർത്തലയിൽ നിന്ന് തീരദേശറോഡുവഴി ആലപ്പുഴയ്ക്ക് സർവീസ് ആരംഭിക്കുന്ന എൽസമ്മ ബസ് സ്കൂൾ സമയമാകുമ്പോൾ കുട്ടികളാൽ നിറയും. 'ബസ് ഓടിക്കാൻ' തിക്കും തിരക്കുമായതോടെ ഓരോദിവസവും ഓരോകുട്ടിക്കുവീതമെന്ന നിബന്ധന കൊണ്ടുവരേണ്ടിവന്നു. മുതിർന്നവർക്കും ഇത് കൗതുകക്കാഴ്ചയാണ്.