നടിയെ ആക്രമിച്ച കേസ് വിധി ഡിസം. 8ന്: നടൻ ദിലീപിന് നിർണായകം
കൊച്ചി: യുവനടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ വിധി നടൻ ദിലീപിന് നിർണായകമാകും. ഡിസംബർ എട്ടിനാണ് വിചാരണക്കോടതി വിധിപറയുക. പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനി ഒന്നാംപ്രതിയും നടൻ ദിലീപ് എട്ടാംപ്രതിയുമായ കേസിൽ എട്ടരവർഷത്തിനുശേഷമാണ് തീർപ്പുണ്ടാകുന്നത്. 10 പ്രതികളുള്ള കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രത്യേക ജഡ്ജി ഹണി എം. വർഗീസാണ് വിചാരണ പൂർത്തിയാക്കി വിധിപറയുന്നത്.
2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരുമ്പോഴാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം (എച്ച്. സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് 2 മുതൽ 7 വരെയുള്ള പ്രതികൾ. മേസ്ത്രി സനിൽ (സനിൽകുമാർ) ഒമ്പതാംപ്രതിയും വി.ഐ.പി ശരത് എന്ന ശരത്‌നായർ 15-ാം പ്രതിയുമാണ്. ഗൂഢാലോചന സംബന്ധിച്ച രണ്ടാംഘട്ട അന്വേഷണത്തിലാണ് ദിലീപ് അറസ്റ്റിലായത്.
2017 ജൂലായ് 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. പൾസർ സുനി അടക്കം ആക്രമണത്തിൽ നേരിട്ട് പങ്കാളികളായ പ്രതികൾ ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.
ട്രാവലർ ഇടിപ്പിച്ച് തുടക്കം
രണ്ടാം പ്രതി മാർട്ടിൻ ഓടിച്ച മഹീന്ദ്ര എസ്.യു.വിയിൽ നടി തൃശൂരിലെ വസതിയിൽനിന്ന് പുറപ്പെട്ടു. പൾസർ സുനി ഓടിച്ച ടെമ്പോട്രാവലർ ആലുവ അത്താണിയിൽ വച്ച് ഇതിലിടിച്ചു. പിൻസീറ്റിൽ പൾസർ അതിക്രമിച്ചു കയറി. നടിയുടെ വായ് പൊത്തി. കാക്കനാട് എത്തിയപ്പോൾ വിവസ്ത്രയാക്കി മാനഭംഗം ചെയ്ത് ദൃശ്യങ്ങൾ മൊബെലിൽ പകർത്തി. നടിയെ രാത്രി വൈകി സംവിധായകൻ ലാലിന്റെ വീട്ടിൽ ഇറക്കിവിട്ടു.
ദിലീപിനെതിരായ വാദങ്ങൾ
1. നടിയുടെ നഗ്‌നദൃശ്യങ്ങൾ ചിത്രീകരിക്കാൻ പൾസർ സുനിക്ക് ഒന്നരക്കോടി രൂപ വാഗ്ദാനം നൽകി. 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച
2. പൾസർ 2015ൽ തൃശൂർ ജോയ്‌സ് പാലസ് ഹോട്ടലിൽ നടനെക്കണ്ട് പണം വാങ്ങി. 2016 നവംബർ 8ന് ദിലീപിന്റെ കാരവനിൽ ഇരുവരും ഗൂഢാലോചന നടത്തി
3. രാമലീലയുടെ ഷൂട്ടിംഗ് നിറുത്തിവച്ച് ദിലീപ് ആക്രമണത്തിനു മുമ്പേ ആശുപത്രിയിൽ അഡ്മിറ്റായത് സംശയാസ്പദം. ജാമ്യത്തിലിറങ്ങിയപ്പോൾ ആക്രമണദൃശ്യങ്ങൾ കണ്ടതായും ആരോപണം
രക്ഷയുടെ വഴി?
കൂട്ട മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെങ്കിൽ ദിലീപിന് രക്ഷനേടാനായേക്കും.