എസ്.ഐ.ആറിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം: ഫോം ശേഖരിക്കാൻ വിടില്ല
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ആർ.ആർ) ഫോം ശേഖരിക്കാൻ വിടില്ലെന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികൾക്ക് ആശ്വാസമായി. ഫോം ശേഖരിക്കാൻ എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സഹൃദയ വളന്റിയർമാരെ വിടാനുള്ള റവന്യു വകുപ്പിന്റെ നീക്കത്തെക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
പഠനത്തെ ബാധിക്കുമെന്നതിനാൽ ഫീൽഡ് സേവനത്തിന് വിദ്യാർത്ഥികളെ വിടാനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. സ്‌കൂളുകളിൽ അദ്ധ്യയനം പൂർണതോതിൽ നടക്കുന്ന സമയമാണിത്. പരീക്ഷകൾ തുടങ്ങാനാരിരിക്കെ 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിറുത്താനാകില്ല. കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് ഉപയോഗിക്കുന്നത് പഠനാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പിൽ നിന്ന് 5000 ജീവനക്കാർ
എസ്.ഐ.ആർ പരിശോധനയുടെ ബൂത്ത് ലെവൽ ഓഫീസർമാരായി വിദ്യാഭ്യാസ വകുപ്പിലെ 5623 ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. ഇതിൽ 2938 അദ്ധ്യാപകരും 2104 അനദ്ധ്യാപകരും 581 മറ്റു ജീവനക്കാരും ഉൾപ്പെടുന്നു.
എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവയുടെ പ്രവർത്തനം നിലവിലുള്ള മാനുവലനുസരിച്ചാണ് നടത്തേണ്ടത്. അതിനു വിപരീതമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.
- എസ്. മനോജ്, ജനറൽ സെക്രട്ടറി എ.എച്ച്.എസ്.ടി.എ
'എസ്.ഐ.ആർ പ്രവർത്തനത്തിന് വിദ്യാർത്ഥികളെ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. അക്കാഡമിക രംഗത്തെ തടസപ്പെടുത്താനും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനും കുട്ടികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല". - ടി.കെ.എ. ഷാഫി, ജനറൽ സെക്രട്ടറി കെ.എസ്.ടി.എ