2026 ട്വന്റി-20 ലോകകപ്പ് ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ

Wednesday 26 November 2025 12:00 AM IST

മുംബയ് : ഇന്ത്യയും ശ്രീലങ്കയും ആതിഥ്യം വഹിക്കുന്ന 2026 ഐ.സി.സി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലും ഇന്ത്യയും പാകിസ്ഥാനും പ്രാഥമിക റൗണ്ടിൽ ഒരേ ഗ്രൂപ്പിൽ മത്സരിക്കും. ഇന്നലെ മുംബയ്‌യിലാണ് ഐ.സി.സി ചെയർമാൻ ജയ് ഷാ ടൂർണമെന്റിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2026 ഫെബ്രുവരി ഏഴിനാണ് ലോകകപ്പിന് തുടക്കമാകുന്നത്. ഫൈനൽ മാർച്ച് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിൽ നടക്കും. പാകിസ്ഥാൻ ഫൈനലിലെത്തിയാൽ വേദി കൊളംബോയിലായിരിക്കും.

കൊളംബോയിൽ പാകിസ്ഥാനും നെതർലാൻഡ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇതേദിവസം മുംബയ്‌യിൽ വച്ച് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അമേരിക്കയെ നേരിടും. 12-ന് ഡൽഹിയിൽ നമീബിയയുമായി മൂന്നാം മത്സരം. ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും . 18-ന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ അഹമ്മദാബാദിൽ നെതർലാൻഡ്‌സിനെ നേരിടും. മുൻ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമയാണ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ.

ഇന്ത്യയിൽ അഞ്ചുവേദികൾ

ഇന്ത്യയിൽ അഞ്ചും ശ്രീലങ്കയിൽ മൂന്നും വേദികളാണ് ലോകകപ്പിനുള്ളത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, കൊൽക്കത്ത ഈഡൻ ഗാർഡൻസ്, ചെന്നൈ ചിദംബരം സ്റ്റേഡിയം, അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം, മുംബയ് വാങ്കഡെ സ്‌റ്റേഡിയം എന്നിവയാണ് ഇന്ത്യയിലേത്. പല്ലകിലെ, കൊളംബോ പ്രേമദാസ സ്റ്റേഡിയം, സിംഹളീസ് സ്‌പോർട്‌സ് ക്ലബ് എന്നീ വേദികളാണ് ശ്രീലങ്കയിലുള്ളത്. മുംബയ്‌യിലും കൊൽക്കത്തയിലുമാണ് സെമിഫൈനലുകൾ നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ കൊളംബോയിൽ സെമി നടക്കും.

ഗ്രൂപ്പ് എ

ഇന്ത്യ

പാകിസ്ഥാൻ

നമീബിയ

അമേരിക്ക

നെതർലാൻഡ്സ്

ഗ്രൂപ്പ് ബി

ഓസ്ട്രേലിയ

അയർലാൻഡ്

ഒമാൻ

ശ്രീലങ്ക

സിംബാബ്‌വേ

ഗ്രൂപ്പ് സി

ബംഗ്ളാദേശ്

ഇംഗ്ളണ്ട്

ഇറ്റലി

നേപ്പാൾ

വിൻഡീസ്

ഗ്രൂപ്പ് ഡി

അഫ്ഗാനിസ്ഥാൻ

കാനഡ

ന്യൂസിലാൻഡ്

സൗത്ത് ആഫ്രിക്ക

യു.എ.ഇ