കൺമുന്നിൽ രണ്ടാം തോൽവി

Wednesday 26 November 2025 12:03 AM IST

രണ്ടാം ടെസ്റ്റിൽ 549 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 27/2 എന്ന നിലയിൽ

അവസാന ദിനമായ ഇന്ന് തോറ്റാലും സമനിലയിലായാലും പരമ്പര നഷ്ടമാകും

ഗോഹട്ടി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും തോൽവി മുന്നിൽകണ്ട് ഇന്ത്യ. രണ്ടാം ഇന്നിംഗ്സിൽ 549 റൺസ് എന്ന അസാദ്ധ്യലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിവസത്തെ കളിനിറുത്തുമ്പോൾ 27/2 എന്ന നിലയിലാണ്. ഇന്ന് ഒറ്റദിവസവും എട്ടുവിക്കറ്റുകളുംകൊണ്ട് 522 റൺസ് കൂടി നേടിയാലേ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിയൂ. ആൾഔട്ടാകാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ സമനിലയെങ്കിലും ലഭിക്കും. പക്ഷേ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചതിനാൽ രണ്ടുമത്സരപരമ്പര കൈവിട്ടുപോകും. 25 വർഷത്തിന് ശേഷമാകും ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ഒരു പരമ്പര നേടുന്നത്.

ആദ്യ ഇന്നിംഗ്സിൽ 489 റൺസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 201 റൺസിൽ അവസാനിപ്പിച്ചെങ്കിലും ഫോളോ ഓണിന് അയച്ചിരുന്നില്ല. രണ്ടാം ഇന്നിംഗ്സിനിറങ്ങി ഇന്നലെ ചായയ്ക്ക് ശേഷം 260/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തശേഷം ഇന്ത്യയെ അവസാന ഇന്നിംഗ്സിന് ഇറക്കുകയായിരുന്നു. വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസ് എന്ന സ്കോറിലാണ് ദക്ഷിണാഫ്രിക്ക ഇന്നലെ ബാറ്റിംഗ് തുടരാനെത്തിയത്.റയാൻ റിക്കിൾട്ടൺ (35),എയ്ഡൻ മാർക്രം (29), ട്രിസ്റ്റൺ സ്റ്റബ്സ് (94), ടോണി ഡി സോർസി (49), വിയാൻ മുൾഡർ (35 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിൽ സന്ദർശകർക്ക് കരുത്തായത്.

ഇന്ത്യയെ എറിഞ്ഞൊതുക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ സഹായിച്ച പിച്ചിൽ നിന്ന് ഇന്ത്യയ്ക്ക് ഇന്നലെ ഒരു സഹായവും കിട്ടിയില്ല. മാർക്കോ യാൻസൻ ആറുവിക്കറ്റ് വീഴ്ത്തിയ പിച്ചിൽ ഇന്ത്യൻ പേസർമാരായ ബുംറയ്ക്കും സിറാജിനും മീഡിയം പേസർ നിതീഷിനും ഒറ്റ വിക്കറ്റുപോലും കിട്ടിയില്ല. ജഡേജയാണ് നാലുവിക്കറ്റുകൾ വീഴ്ത്തിയത്.കുൽദീപിന് ഒരുവിക്കറ്റ് ലഭിച്ചു. എന്നാൽ സ്കോർ ഉയർത്താൻ ദക്ഷിണാഫ്രിക്കക്കാർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. വലിയ ലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിൽ വയ്ക്കുവാനുള്ള തങ്ങളുടെ തീരുമാനം ഒരു വെല്ലുവിളിയും കൂടാതെ അവർ നടപ്പിലാക്കിയപ്പോൾ തന്നെ റിഷഭ് പന്തും കൂട്ടരും കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി.

നാലാം ദിവസം അവസാനസെഷനിൽ ബാറ്റിംഗിനിറങ്ങിയപ്പോൾ തന്നെ ഇന്ത്യയുടെ ദുരവസ്ഥ ഒരിക്കൽക്കൂടി വെളിച്ചത്തുവന്നു. ഏഴാം ഓവറിൽ യശസ്വി ജയ്സ്വാളിനെ(13) മാർക്കോ യാൻസൻ കീപ്പറുടെ കയ്യിലെത്തിച്ചു.10-ാം ഓവറിൽ ഹാർമർ കെ.എൽ രാഹുലിനെ ബൗൾഡാക്കുകകൂടി ചെയ്തതോടെ ഇന്ത്യ 21/2 എന്ന നിലയിലായി. കളി നിറുത്തുമ്പോൾ രണ്ട് റൺസുമായി സായ് സുദർശനും നാലുറൺസുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.