വിലായത്ത് ബുദ്ധയ്ക്കെതിരെ സൈബർ ആക്രമണം; പരാതിയുമായി നിർമ്മാതവ്

Wednesday 26 November 2025 1:03 AM IST

തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പരാതി നൽകി നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയെ ലക്ഷ്യമിട്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. റിവ്യൂ എന്ന വ്യാജേന യൂട്യൂബ് ചാനൽ സിനിമയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന് നിർമ്മാതാവിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി അതേപേരിൽ ഒരുക്കിയ ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് ചാനൽ വീഡിയോയിലുള്ളത്. ഇത് സൈബർ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സിനിമയുടെ പേരിനെ കളങ്കപ്പെടുത്താനും യൂട്യൂബ് ചാനൽ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

സ്നീക്ക് പീക്ക് വീഡിയോയുമായി പൃഥ്വിരാജ്

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഒരു സ്നീക്ക് പീക്ക് വീഡിയോ പങ്കുവച്ചാണ് പൃഥ്വിരാജ് മറുപടി നൽകിയത്. 'വർക്ക് നടക്കട്ടെ' എന്ന് ചിത്രത്തിലെ നായക കഥാപാത്രമായ ഡബിൾ മോഹനൻ പറയുന്നൊരു ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്. ''മറയൂർ ചന്ദനം ഇനിയുമുല്ലോ, മറയൂർ മോഹനനുമുല്ലോ'' എന്ന ഡയലോഗും സ്നീക്ക് പീക്കിലുണ്ട്.