'പൊതുപ്രവർത്തനം ക്രിമിനൽ പ്രവൃത്തിക്കുള്ള ന്യായീകരണമല്ല' പ്രതികളുടെ വാദം തള്ളി കോടതി

Wednesday 26 November 2025 12:07 AM IST

തളിപ്പറമ്പ് (കണ്ണൂർ): ക്രിമിനൽ പ്രവൃത്തിയെ പൊതുപ്രവർത്തനം എന്നതിലൂടെ ന്യായീകരിക്കാനാവില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി. പൊലീസ് സംഘത്തെ സ്റ്റീൽ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പയ്യന്നൂർ നഗരസഭ സി.പി.എം സ്ഥാനാർത്ഥി വി.കെ.നിഷാദ് ഉൾപ്പെടെ രണ്ടുപേർക്ക് 20 വർഷം തടവുശിക്ഷ വിധിച്ചാണ് ജഡ്ജി കെ.എൻ. പ്രശാന്തിന്റെ നിരീക്ഷണം.

കോടതിക്കു മുന്നിൽ പൊതുപ്രവർത്തകനില്ല. സി.ആർ.പി.സി, ഐ.പി.സി ഇപ്പോൾ ബി.എൻ.എസ് പ്രകാരമുള്ള കുറ്റവാളികൾ മാത്രമാണുള്ളത്. സ്വാതന്ത്ര്യ സമരത്തിലും മറ്റും പൊതുപ്രവർത്തകരുണ്ടായിരുന്നു. ഇവിടെ നടന്നത് ക്രിമിനൽ പ്രവൃത്തിയാണ്. ഭരണഘടനാപരമായാണ് കോടതി വിഷയത്തെ സമീപിക്കുകയെന്നും വ്യക്തമാക്കി. താൻ പൊതുപ്രവർത്തകനാണെന്ന നിഷാദിന്റെ അഭിപ്രായത്തോടായിരുന്നു കോടതി പരാമർശം.

ബോംബെറിഞ്ഞെങ്കിലും സ്‌ഫോടനം നടന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. സ്ഫോടനം നടന്നില്ലെങ്കിലും കുറ്റകൃത്യം ആകാതിരിക്കുന്നില്ല. സ്‌ഫോടനം നടക്കാതിരുന്നതിനാലാണ് ബോംബെറിഞ്ഞുവെന്ന വകുപ്പുകൾ മാത്രം ചുമത്തിയതെന്നും വ്യക്തമാക്കി.

'കുറ്റപ്പെടുത്തുന്നത് സ്വന്തം

ആഭ്യന്തര വകുപ്പിനെയോ?'

ശരിയായ അന്വേഷണമല്ല കേസിൽ നടന്നതെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ, നിങ്ങൾ കുറ്റപ്പെടുത്തുന്നത് സ്വന്തം ആഭ്യന്തരവകുപ്പിനെ തന്നെയാണോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. അക്കാലത്ത് എസ്.എഫ്.ഐ പ്രവർത്തകരായിരുന്ന പ്രതികളോട് പൊലീസിന് എന്താണ് പ്രത്യേക വിരോധമെന്നും കോടതി ആരാഞ്ഞു.