സതീശനെതിരായ കടകംപള്ളിയുടെ മാനനഷ്ടക്കേസ് ഒന്നിന് പരിഗണിക്കും

Wednesday 26 November 2025 12:09 AM IST

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസ് ഡിസംബർ ഒന്നിന് കോടതി പരിഗണിക്കും. കടകംപള്ളിയുടെ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന സതീശന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിവച്ചിരുന്നത്. മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സ്വർണപ്പാളിക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വർണപ്പാളികൾ വിറ്റതെന്ന് കടകംപള്ളി വ്യക്തമാക്കണമെന്നുമാണ് സതീശൻ നിയമസഭയിലും പുറത്തും ആരോപിച്ചത്. സതീശന്റെ ആരോപണത്തിനെതിരെ കടകംപള്ളി 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഇനി സതീശൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് പറഞ്ഞുമാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസ് ഫയൽചെയ്ത ശേഷവും തന്റെ പക്കൽ ആവശ്യത്തിന് തെളിവുകൾ ഉണ്ടെന്നും നിയമപരമായി നേരിട്ടുകൊള്ളാമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.