ഊരാക്കുരുക്കിൽ മുന്നണികൾ

Wednesday 26 November 2025 12:20 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിക്കുമ്പോൾ,രാഷ്ട്രീയ

ഊരാക്കുടുക്കിൽ മൂന്ന് മുന്നണികളും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ശബ്ദസന്ദേശം പുറത്തു വന്നതിന് പിറകെ, ആരോപണമുന്നയിച്ച പെൺകുട്ടി നിയമനടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ഇന്നലെ ചേർന്ന സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞത് എൽ.ഡി.എഫിന് ക്ഷീണമാണ്. എൻ.ഡി.എയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കൾ വേണ്ടത്ര ഇടപെടുന്നില്ലെന്ന പരാതിയാണ് പാർട്ടിയിൽ.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്ന ആദ്യ ഘട്ടത്തിൽ കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ മയപ്പെട്ട പ്രതികരണമാണ് നടത്തിയത്. രാഹുലിനെതിരെ നടപടി എടുത്തതാണെന്നും ഒരേ കാര്യത്തിന് രണ്ടു തവണ നടപടിയെടുക്കാൻ പറ്റുമോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പെൺകുട്ടി നിയമനടപടി സ്വീകരിക്കുകയും രാഹുൽ കേസിൽപ്പെടുകയും ചെയ്താൽ പ്രതിപക്ഷ നേതാവിന്റെ ആദ്യ നിലപാടിന് വലിയ അംഗീകാരം കിട്ടും. ഇതിനിടെ, രാഹുലിനെതിരായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി.സാജന്റെ ഫേസ് ബുക്ക് പോസ്റ്റും കോൺഗ്രസിനെ വെട്ടിലാക്കുന്നു. രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണമെന്നുമാണ് കുറിപ്പിൽ പറയുന്നത്. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയ രാഹുലിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.

പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന എം.വി. ഗോവിന്ദന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ തുറന്നു പറച്ചിൽ പാർട്ടി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രതിഫലനമാണ്. പാർട്ടിയുമായി അടുത്ത ബന്ധമുള്ള രണ്ടു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരാണ് അഴിക്കുള്ളിൽ. ഇനി അന്വേഷണം എവിടേക്കൊക്കെ നീളുമെന്നതും ആശങ്കാജനകമാണ്.

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ നിരത്തി സംസ്ഥാന സർക്കാരിനെയും യു.ഡി.എഫിനെയും ഒരു പോലെ ആക്രമിക്കുമ്പോഴും എൻ.ഡി.എയുടെ സ്ഥിതിയും അത്ര സന്തോഷകരമല്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനിൽ കേന്ദ്രീകരിച്ചാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്ന ആക്ഷേപം പാർട്ടിയിലുണ്ടായി. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായി പൂർണ്ണ സൗഹൃദത്തിലാണെന്ന് പുറമെ പറയുമ്പോഴും, ഇനിയും അടിത്തറ ദൃഢപ്പെട്ടിട്ടില്ല.