മുണ്ടുപൊക്കിക്കാണിച്ച ബി.എൽ.ഒയെ നീക്കി
തിരൂർ : തിരൂരിൽ എസ്.ഐ.ആർ എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ അശ്ലീല പ്രദർശനം നടത്തിയ ബി.എൽ.ഒയ്‌ക്കെതിരെ നടപടി. സംഭവത്തിൽ തവനൂർ മണ്ഡലം 38ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി സ്‌കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവൻ വടക്കേപ്പാട്ടിനെ ചുമതലയിൽ നിന്നു ജില്ലാ കളക്ടർ വി.ആർ.വിനോദ് മാറ്റി.
പ്രായമുള്ളവരടക്കം വെയിലത്ത് വരിയിൽ നിൽക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. എന്യൂമറേഷൻ ഫോം വീട്ടിൽ കൊണ്ടുവന്ന് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോൾ ക്ഷുഭിതനായി. നാട്ടുകാർ വീഡിയോ എടുക്കുന്നത് കണ്ടതോടെ ബി.എൽ.ഒ മുണ്ട് ഉയർത്തി കാണിക്കുകയായിരുന്നു. പെട്ടെന്ന് ജോലി തീർക്കുന്നതിന്റെ ഭാഗമായി തൃപ്രങ്ങോട് ശിവക്ഷേത്രത്തിന് മുൻവശത്താണ് ക്യാമ്പ് വിളിച്ചു ചേർത്തതെന്ന് നാട്ടുകാർ പറയുന്നു.
കടുത്ത പനി പിടിപ്പെട്ട തനിക്ക് ജോലി ചെയ്യാൻ കഴിയാത്തതിനാൽ മെഡിക്കൽ ലീവിൽ ആയിരുന്നെന്നും വില്ലേജ് ഓഫീസറുടെ അനുമതിയോടു കൂടിയാണ് ക്യാമ്പ് ഒരുക്കിയതെന്നും വാസുദേവൻ പറഞ്ഞു. ഉദ്യോഗസ്ഥനോടു വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെറിയ പരപ്പൂർ എ.എം എൽ.പി.സ്‌കൂൾ അദ്ധ്യാപിക പ്രസീനയ്ക്ക് പകരം ചുമതല നൽകി.