ഇലക്ഷൻ ഡ്യൂട്ടി 'ഈസി'യാക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ
എഴുകോൺ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സഹായിക്കാൻ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച് അദ്ധ്യാപക സംഘടന. വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷനാണ് 'ഇലക്ഷൻ ഡ്യൂട്ടി ഹെൽപ്പ് 2025 വി.ടി.എ" എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.
150 ഓളം അദ്ധ്യാപകർ ഗ്രൂപ്പിലുണ്ട്.
2021ലെ അസംബ്ലി തിരഞ്ഞെടുപ്പ് കാലത്ത് ഗ്രൂപ്പ് സജീവമായിരുന്നു. കൊവിഡ് കാലത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കൂട്ടായ്മ തുടങ്ങിയത്. നടപടിക്രമങ്ങൾ സംബന്ധിച്ച സംശയങ്ങൾ പരിശീലന ക്ലാസുകൾക്ക് ശേഷവും പലരെയും അലട്ടിയിരുന്നു. ഇതിന് പരിഹാരമായാണ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രൂപ്പ് അഡ്മിനുമായ ജി.ആർ.അഭിലാഷ്, ബി.ടി.ഷൈജിത്ത്, എ.കെ.സന്തോഷ് ബേബി, ടി.രാജൻ, സഞ്ജീവ്കുമാർ, മനു, അനി.കെ.അലക്സ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പ് രൂപീകരിച്ചത്.
എല്ലാ ജില്ലകളിലും നിന്നുള്ളവർ കൂട്ടായ്മയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന ഉത്തരവുകളും നിർദ്ദേശങ്ങളും ഗ്രൂപ്പിൽ വിശദമായി ചർച്ച ചെയ്യും. വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട കരുതലുകളും, പാലിക്കേണ്ട നടപടികളും പിഴവുകൾ തിരുത്തലും എല്ലാം ഇപ്പോൾ ഗ്രൂപ്പ് അംഗങ്ങൾക്ക് പരിചിതമാണ്.
ബൂത്ത് ഒരുക്കൽ മുതൽ വോട്ടിംഗ് യന്ത്രങ്ങൾ മടക്കി നൽകുന്നത് വരെയുള്ള എല്ലാ ജോലികളും ആത്മവിശ്വാസത്തോടെ ചെയ്യാൻ ഗ്രൂപ്പ് സഹായമായെന്ന് അംഗങ്ങൾ പറയുന്നു. ഗ്രൂപ്പിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 9746612456 എന്ന നമ്പറിൽ ബന്ധപ്പെടാം. ക്യു ആർ കോഡ് സ്കാൻ ചെയ്തും ഗ്രൂപ്പിൽ അംഗമാകാം.