എൽസി ജോർജിന്റെ ഹർജി തള്ളി

Wednesday 26 November 2025 12:30 AM IST

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ യു.ഡി.എഫിന്റെ എൽസി ജോർജിന്റെ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്യുന്ന ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽ ഇത്തരം ഹർജികളിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ എൽസിയുടെ ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തള്ളിയത്. ഹർജിക്കാരിയെ സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്തത് കടമക്കുടി ഡിവിഷന്റെ പരിധിയിൽ ഉൾപ്പെട്ടയാളല്ലെന്ന കാരണത്താലാണ് നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയത്. എന്നാൽ ഇക്കാര്യം പത്രിക സമർപ്പിച്ചപ്പോൾ ചൂണ്ടിക്കാട്ടിയില്ലെന്നതടക്കമുള്ള വാദമാണ് ഹർജിയിൽ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. ഇതോടെ ഡിവിഷനിൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഇല്ലാതായി.