കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ്
Wednesday 26 November 2025 12:39 AM IST
കൊല്ലം: അഷ്ടമുടി കായൽ മലിനീകരണവും കൈയേറ്റവും ഫലപ്രദമായി തടയാൻ വിവിധ സർക്കാർ വകുപ്പുകളും എൻ.ജി.ഒകളും അടക്കം 30 അംഗ അഷ്ടമുടി വെറ്റ്‌ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രണ്ടു മാസത്തിനകം സ്ഥാപിക്കണമെന്ന കേരള ഹൈ കോടതി വിധി സർക്കാർ നാലുമാസമായിട്ടും നടപ്പാക്കിയില്ല. കൊല്ലം ജില്ലാ കളക്ടർ ചെയർമാനായി സ്ഥാപിക്കേണ്ട അഷ്ടമുടി വെറ്റ്‌ലാൻഡ് യൂണിറ്റ് രൂപീകരിക്കാൻ വൈകുന്നതിനാൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിനായി വാദിയായ അഡ്വ. ബോറിസ് പോൾ, അഡ്വ അജ്മൽ.എ.കരുനാഗപ്പള്ളി മുഖേന പരിസ്ഥിതി വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, കേരള സംസ്ഥാന വെറ്റ്‌ലാൻഡ് അതോറിറ്റി മെമ്പർ സെക്രട്ടറി സുനിൽ പമീദി എന്നിവർക്ക് നോട്ടീസ് അയച്ചു. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്നും അഡ്വ. അജ്മൽ എ.കരുനാഗപ്പള്ളി അറിയിച്ചു.