കലോത്സവ വേദിക്കരികിലെ ബാനറിൽ ഭാരതാംബ; പ്രതിഷേധം
കൊല്ലം: ജില്ല സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയോട് ചേർന്നുള്ള സ്റ്റേജ്, പന്തൽ കമ്മിറ്റി ഓഫീസിലെ ബാനറിൽ ഭാരതാംബയുടെ ചിത്രം ഉൾക്കൊള്ളിച്ചതിൽ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടന. ബി.ജെ.പി അനുകൂല ദേശീയ അദ്ധ്യാപക പരിഷത്ത് എൻ.ടി.യു) ആണ് ബാനർ സ്ഥാപിച്ചത്.
പൊതുസമ്മേളനം കഴിഞ്ഞയുടൻ വേദിയിലേക്ക് എത്തിയ പ്രവർത്തകർ ബാനർ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ സംഘടനയുടെ ബാനറാണെന്നും മാറ്റില്ലെന്നും ഭാരവാഹികൾ അറിയിച്ചതോടെ പ്രതിഷേധം ശക്തമായി. ബാനർ അഴിച്ചു മാറ്റാതെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നായി വിദ്യാർത്ഥി സംഘടന. തുടർന്ന് ഡി.ഡി ഇ കെ.ഐ. ലാലിന്റെ നേതൃത്വത്തിൽ എൻ.ടി.യു പ്രവർത്തകരുമായി നടത്തിയ ചർച്ചക്കൊടുവിൽ ചിത്രമുള്ള ബാനർ അഴിച്ചുമാറ്റാൻ തീരുമാനമായി. തുടർന്ന് വിദ്യാർത്ഥികൾ പിൻമാറി. പിന്നീട് എൻ.ടി.യു നേതൃത്വത്തിൽ അദ്ധ്യാപകർ മുദ്രാവാകും വിളിച്ചു പ്രതിഷേധിച്ചു.