നവവധു സ്ഥാനാർത്ഥിയാണ്, വിവാഹ വേദിയിൽ നിന്ന് പ്രചാരണത്തിനിറങ്ങി മേഘ്ന

Wednesday 26 November 2025 12:44 AM IST

കല്ലമ്പലം: വിവാഹ ശേഷം കതിർമണ്ഡപത്തിൽ നിന്ന് എ.എസ്. മേഘ്ന വലതുകാൽ വച്ചുകയറിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലേക്ക്. ഒറ്റൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മേഘ്ന.

ഇന്നലെയാണ് മാവിൻമൂട് പുതുവൽവിള വീട്ടിൽ സുധർമ്മന്റേയും അജിതകുമാരിയുടേയും മകൾ മേഘ്നയും നെടുംപറമ്പ് പുരവൂർകോണം അനുജാ ഭവനിൽ അനിൽകുമാറിന്റേയും സുജയയുടേയും മകൻ അനോജും വിവാഹിതരായത്. ശിവഗിരി ശാരദാമഠത്തിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകൾ ലളിതമാക്കിയാണ് സ്ഥാനാർത്ഥി ഭർത്താവിനൊപ്പം വോട്ടഭ്യർത്ഥിക്കാനെത്തിയത്.

വിവാഹ തീയതി നിശ്ചയിച്ച ശേഷമാണ് മേഘ്നയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ മേഘ്ന വിവാഹ സ്വപ്‌നങ്ങൾക്ക് അവധി കൊടുത്താണ് പ്രചാരണത്തിൽ സജീവമായത്. ശിവഗിരി എസ്.എൻ കോളേജിൽ നിന്ന് ബി.എസ്‌സി കെമിസ്ട്രിയിൽ ബിരുദവും കിളിമാനൂർ മഹാത്മാഗാന്ധി ഫാർമസി കോളേജിൽ നിന്ന് ഫാർമസി കോഴ്സും പാസായിട്ടുണ്ട്. പ്രചാരണത്തിന് ഭർത്താവ് അനോജും കുടുംബവും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.