ബാൻഡ് മേള വേദിയിൽ സംഘർഷം

Wednesday 26 November 2025 12:45 AM IST

അഞ്ചൽ: ജില്ല കലോത്സവത്തിന്റെ ഒന്നാം ദിവസം മത്സരഫലത്തിൽ കല്ലുകടി. ശബരിഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ബാൻഡ് മേള വേദിയിലാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.

വിധിനിർണയത്തിൽ പോരായ്മ ആരോപിച്ച് വിമലഹൃദയ സ്കൂളും സെന്റ് ജൂഡ് സ്കൂളും രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വിദ്യാർത്ഥികൾക്ക് ഒപ്പമെത്തിയ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിധികർത്താക്കൾക്കു നേരെ തട്ടിക്കയറി. പൊലീസും സംഘാടക സമിതി ഭാരവാഹികളും എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വേദിയിലേക്ക് ഭക്ഷണവുമായി എത്തിയ പ്രോഗ്രം കമ്മിറ്റിയുടെ വാഹനം ഗേറ്റിന് പുറത്തേക്ക് വിടാതെ വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൂടുതൽ പൊലീസ് എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. പിന്നീട് സംഘാടകരും പൊലീസും വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ നടത്തിയ ചർച്ചയിൽ വിധി നിർണയത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിച്ചു.